
ദോഹ: മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമെന്ന പദവി നിലനിർത്തി ഖത്തർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തുവിട്ട 2026-ലെ ഗ്ലോബൽ പീസ് ഇൻഡക്സ് (GPI) റിപ്പോർട്ടിലാണ് ഖത്തർ ഈ ചരിത്രപരമായ നേട്ടം വീണ്ടും സ്വന്തമാക്കിയത്.
ലോകമെമ്പാടുമുള്ള 163 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ആഗോള പട്ടികയിൽ ഖത്തർ 31-ാം റാങ്കിലാണ് എത്തിനിൽക്കുന്നത്.
മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കൻ മേഖലയിലും (MENA) സമാധാനവും സുരക്ഷയും മുൻനിർത്തി ഖത്തർ ഒന്നാം സ്ഥാനം നിലനിർത്തി.കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കൃത്യമായ ഭരണനിർവ്വഹണം, മികച്ച സുരക്ഷാ അന്തരീക്ഷം എന്നിവ കണക്കിലെടുത്ത് 'സൊസൈറ്റൽ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി' (Societal Safety and Security) വിഭാഗത്തിലും മേഖലയിൽ ഖത്തർ മുന്നിലാണ്.ആഭ്യന്തര-അന്താരാഷ്ട്ര സംഘർഷങ്ങൾ, സാമൂഹിക സുരക്ഷ, സൈനികവൽക്കരണത്തിന്റെ തോത് എന്നിവയുൾപ്പെടെ 23 ഗുണനിലവാര സൂചകങ്ങൾ വിലയിരുത്തിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് റാങ്കിംഗ് തയ്യാറാക്കുന്നത്.
ആഭ്യന്തര സുരക്ഷ, സാമൂഹിക ഐക്യം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിൽ ഖത്തർ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. നയതന്ത്രം, ടൂറിസം, രാജ്യാന്തര കായിക-സാംസ്കാരിക കൂട്ടായ്മകൾ എന്നിവയുടെ മേഖലയിലെ പ്രധാന കേന്ദ്രമായി മാറാൻ ഇത് ഖത്തറിന് കരുത്തേകും.











