03:46am 13 November 2026
NEWS
ഗ്ലോബൽ ഗ്രാഫീൻ സമ്മേളനം: സാങ്കേതിക വിപ്ലവത്തിന് കേരളം വേദി
09/03/2026  01:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്ലോബൽ ഗ്രാഫീൻ സമ്മേളനം: സാങ്കേതിക വിപ്ലവത്തിന് കേരളം വേദി

 

കൊച്ചി: ഗ്രാഫീനും മറ്റ് ദ്വിമാന (2D) വസ്തുക്കളുമായി ബന്ധപ്പെട്ട പുതിയ ഗവേഷണങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ ഇന്ത്യ 2026’ മാർച്ച് 9 മുതൽ 12 വരെ കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെൻററിൽ നടക്കും. ഇന്ത്യയിൽ ആദ്യമായാണ് ഗ്രാഫീനും 2D വസ്തുക്കളും കേന്ദ്രീകരിച്ച ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.

നോബൽ  ജേതാവും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫങ്ഷണൽ ഇന്റലിജന്റ് മെറ്റീരിയൽസിന്റെ ഡയറക്ടറുമായ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് മാർച്ച് 9 ന് രാവിലെ 9.30 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിൻഹ മുഖ്യപ്രഭാഷണം നടത്തും

സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്) ഡയറക്ടർ ജനറൽ ഡോ. ആർ. രതീഷ്; കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് ഗ്രൂപ്പ് കോർഡിനേറ്റർ സുനിത വർമ;ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ടെക് പോളിസി മേധാവി  ഹാരി ഫിഷർ; സി-മെറ്റ് ത്രൃശൂർ) സെൻസേഴ്‌സ് ആൻഡ് എനർജി മെറ്റീരിയൽസ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കും.

“പുഷിംഗ് മെറ്റീരിയൽസ് ബിയോണ്ട് ലിമിറ്റ്സ്” എന്ന ആശയവുമായി നടക്കുന്ന നാലുദിവസത്തെ സമ്മേളനത്തിൽ ഊർജം, ആരോഗ്യം, ഇലക്ട്രോണിക്സ്, വെള്ള ശുദ്ധീകരണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഗ്രാഫീൻ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, സാങ്കേതിക നവീകരണ വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കും.

കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്പെയിനിലെ ഫാന്റം ഫൗണ്ടേഷെൻ്റെയും ഗ്രാഫീൻ ഗവേഷണത്തിൽ മുൻനിരയിലുള്ള മാഞ്ചസ്റ്റർ സർവകലാശാലയുടെയും  സഹകരണത്തോടെ നടക്കുന്ന ശാസ്ത്ര സമ്മേളനത്തിന് ഇന്ത്യ ഇന്നവേഷൻ സെൻറർ ഫോർ ഗ്രാഫീൻ (IICG), സെൻറർ ഓഫ് എക്സലൻസ് ഇൻ ഇൻ്റലിജൻ്റ് ഐഒടി സെൻസേഴ്സ്  എന്നിവയുടെ പിന്തുണയുണ്ട്. ടാറ്റ സ്റ്റീൽ, കാർബറണ്ടം യൂണിവേഴ്സൽ, ടി.എ.സി.സി, എൽ.ഒ.എൽ.സി അഡ്വാൻസ്ഡ് ടെക്നോളജീസ് എന്നിവയും സമ്മേളനത്തിന് ശക്തി പകരും. 

ഒരു ആറ്റം മാത്രം കട്ടിയുള്ള കാർബൺ പാളിയാണ് ഗ്രാഫീൻ. പേപ്പറിനേക്കാൾ ലഘുവും സ്റ്റീലിനേക്കാൾ ശക്തവുമാണ്. വൈദ്യുതിയും ചൂടും മികച്ച രീതിയിൽ കടത്തി വിടും. ഈ പ്രത്യേകതകൾ കാരണമാണ് അതിനുതന സാങ്കേതികവിദ്യകളിൽ വലിയ സാധ്യതയുള്ള വസ്തുവായി ഗ്രാഫീനെ ശാസ്ത്രലോകം വിലയിരുത്തുന്നത്.  

ഗ്രാഫീൻ ഗവേഷണത്തിന് നോബൽ സമ്മാനം നേടിയ പ്രൊഫ. കോസ്ത്യ നോവോസെലോവ്, റൈസ് സർവകലാശാലയിലെ പ്രൊഫ. പുലിക്കൽ അജയൻ, കേംബ്രിജ് സർവകലാശാലയിലെ പ്രൊഫ. ആൻഡ്രിയ ഫെറാരി എന്നിവർ സമ്മേളനത്തിൽ പ്രഭാഷണം നടത്തും. ലോകത്തെ പ്രമുഖ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കും.

ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ഉയർന്ന ശേഷിയുള്ള ബാറ്ററികൾ, ഊർജസംഭരണ സാങ്കേതികവിദ്യ, വെള്ള ശുദ്ധീകരണ സംവിധാനങ്ങൾ, മെഡിക്കൽ സെൻസറുകൾ, വളയ്ക്കാവുന്ന ഇലക്ട്രോണിക്സ്, അതി നൂതന സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിലെ പുതിയ ഗവേഷണങ്ങളും ചർച്ചയാകും. വിഷാംശങ്ങൾ നീക്കം ചെയ്യാൻ കഴിയുന്ന ഗ്രാഫീൻ ഫിൽറ്ററുകൾ, രോഗങ്ങൾ വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന സെൻസറുകൾ തുടങ്ങിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കും. നവജാത ശിശു പരിചരണത്തിനായി വികസിപ്പിക്കുന്ന പുതിയ ഗ്രാഫീൻ അടിസ്ഥിത തെർമ്മൽ (താപ ഊർജ്ജ) സാങ്കേതികവിദ്യ ശ്രദ്ധേയമായവും. ആരോഗ്യനിലയും ശരീര ചലനവും നിരീക്ഷിക്കുന്ന ധരിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലെ സാധ്യതകളും അവതരിപ്പിക്കുെമെന്ന് സംഘാടകർ അറിയിച്ചു.

റോഡുകളും പാലങ്ങളും കെട്ടിടങ്ങളും കൂടുതൽ ദൃഢമാക്കാൻ ഗ്രാഫീൻ ഉപയോഗിച്ച പുതിയ നിർമ്മാണ സാങ്കേതികവിദ്യകളുടെ സാധ്യതകളും സമ്മേളനത്തിൽ ചർച്ചയാകും.

സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിൽ ഗവേഷണ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും വ്യവസായ സ്ഥാപനങ്ങളും വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യകളും മാതൃകകളും പ്രദർശിപ്പിക്കും.

ഗ്രാഫീൻ ഗവേഷണത്തിലും ഉൽപ്പാദനത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഗ്രാഫീൻ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സജ്ജമായ ഗവേഷണ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ പങ്കാളിത്തവും സമ്മേളനത്തിന് കൊച്ചിയെ വേദിയാക്കാൻ കാരണമായതായി സംഘാടകർ പറഞ്ഞു.

ജർമ്മൻ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഓർഗാനിക് ആൻഡ് മെറ്റീരിയൽസ് കെമിസ്ട്രി ഡയറക്ടർ സഞ്ജയ് മാത്തൂർ, സി-മെറ്റ്
ഡയറക്ടർ ജനറൽ ഡോ.ആർ.രതീഷ്, കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ്
 ഗ്രൂപ്പ് കോർഡിനേറ്റർ സുനിത വർമ; ജപ്പാൻ നിംസ് ഡയറക്ടർ തകാഷി തനിഗുച്ചി ;
സി-മെറ്റ് ത്രൃശൂർ) സെൻസേഴ്‌സ് ആൻഡ് എനർജി മെറ്റീരിയൽസ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ ; മാഞ്ചസ്റ്റർ സർവകലാശാലയിലെ. നാനോ മെറ്റീരിയൽ പ്രഫസർ പ്രൊഫ. അരവിന്ദ് വിജയരാഘവൻ; യുകെയിലെ സറേ സർവകലാശാലയിലെ പ്രൊഫസറും ഡയറക്ടറുമായ ഡോ. സതീഷ് കൃഷ്ണമൂർത്തി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img