
ഗ്ലോബൽ ഗ്രാഫീൻ സമ്മേളനം ‘ഗ്രാഫിൻ ഇന്ത്യ 2026’ നോബൽ ജേതാവും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫങ്ഷണൽ ഇന്റലിജന്റ് മെറ്റീരിയൽസിന്റെ ഡയറക്ടറുമായ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു.
സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്) ഡയറക്ടർ ജനറൽ ഡോ. ആർ. രതീഷ്;ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ടെക് പോളിസി മേധാവി ഹാരി ഫിഷർ; ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിൻഹ ; സി-മെറ്റ് ത്രൃശൂർ) സെൻസേഴ്സ് ആൻഡ് എനർജി മെറ്റീരിയൽസ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ ; കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് ഗ്രൂപ്പ് കോർഡിനേറ്റർ സുനിത വർമ എന്നിവർ സമീപം.
കൊച്ചി: ഗ്രാഫീനും മറ്റ് ദ്വിമാന (2D) വസ്തുക്കളും കേന്ദ്രീകരിച്ച അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ 2026’ കൊച്ചിയിൽ ആരംഭിച്ചു.
അതിനൂതന മെറ്റീരിയൽ ഗവേഷണത്തിന്റെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, സാങ്കേതിക നവീകരകർ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.
ഗ്രാഫീനും 2ഡി മെറ്റീരിയലുകളും സംബന്ധിച്ച യൂറോപ്പിലെ ഏറ്റവും വലിയ സമ്മേളന പരമ്പരയായ ഗ്രാഫീൻ കോൺഫറൻസിന്റെ ഭാഗമായി ഗ്രാഫിൻ 2026 ഇന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ഗ്രാഫീനും 2D വസ്തുക്കളും കേന്ദ്രീകരിച്ച ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.
ഗ്രാഫീൻ ഗവേഷണത്തിന് നോബൽ സമ്മാനം നേടിയ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗ്രാഫീൻ ഗവേഷണത്തിന്റെ തുടക്കകാലം മുതൽ ഏകദേശം ഇരുപത് വർഷത്തെ ഗവേഷണത്തിനു ശേഷവും ഈ വസ്തു പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾക്കും സാങ്കേതിക സാധ്യതകൾക്കും വഴിയൊരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലാബുകളിലെ കൗതുകവസ്തുവായി ആരംഭിച്ച ഗ്രാഫീൻ ഇന്ന് വിവിധ വ്യവസായ മേഖലകളിൽ ഉപയോഗിക്കാവുന്ന ശക്തമായ സാങ്കേതിക വേദിയായി മാറിയിട്ടുണ്ട്.
ഇപ്പോൾ ഗ്രാഫീനും മറ്റ് ദ്വിമാന വസ്തുക്കളും വ്യവസായ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതകൾ തുറക്കുകയാണെന്ന് നോവോസെലോവ് പറഞ്ഞു. അതേസമയം അതിവേഗം വളരുന്ന ഈ ഗവേഷണ മേഖലയിലെ ഏറ്റവും ഫലപ്രദമായ പ്രയോഗങ്ങൾ കണ്ടെത്തുന്നതാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരേസമയം പല ഗവേഷണ ദിശകളിലും പ്രവർത്തിക്കാൻ കഴിവുള്ള രാജ്യങ്ങളിൽ ഇന്ത്യയും പ്രധാന സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിന്ഹ മുഖ്യപ്രഭാഷണം നടത്തി. ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ഇന്ത്യ ആഗോള കേന്ദ്രമായി ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖലകളിൽ വലിയ നിക്ഷേപങ്ങളും നയപരമായ പരിഷ്കാരങ്ങളും ഇതിനായി നടപ്പാക്കുന്നുണ്ട്.
ഇന്ത്യ സെമികണ്ടക്ടർ മിഷൻ പദ്ധതിയുടെ ഭാഗമായി ഏകദേശം ₹1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള പത്ത് നിർമാണ പദ്ധതികൾക്ക് ഇതിനകം അംഗീകാരം നൽകിയതായി അദ്ദേഹം പറഞ്ഞു. ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിലൂടെ നൂറിലധികം സ്റ്റാർട്ടപ്പുകൾക്കും എം.എസ്.എം.ഇകൾക്കും പിന്തുണ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലെ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയുടെ അടിത്തറയാണ് അഡ്വാൻസ്ഡ് മെറ്റീരിയൽ ഗവേഷണമെന്നു സി-മെറ്റ് ഡയറക്ടർ ജനറൽ
ഡോ.ആർ. രതീഷ് പറഞ്ഞു. ഊർജസംഭരണം, വളയ്ക്കാവുന്ന ഇലക്ട്രോണിക്സ്, സെൻസറുകൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഗ്രാഫീനും മറ്റ് ദ്വിമാന വസ്തുക്കളും നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറി അമിതേഷ് കുമാർ സിൻഹ ; സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്) ഡയറക്ടർ ജനറൽ ഡോ. ആർ. രതീഷ്; കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് ഗ്രൂപ്പ് കോർഡിനേറ്റർ സുനിത വർമ; ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ടെക് പോളിസി മേധാവി ഹാരി ഫിഷർ; സി-മെറ്റ് ത്രൃശൂർ) സെൻസേഴ്സ് ആൻഡ് എനർജി മെറ്റീരിയൽസ് ഗ്രൂപ്പ് ഹെഡ് ഡോ. എ. സീമ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ഒരു ആറ്റം മാത്രം കട്ടിയുള്ള കാർബൺ പാളിയാണ് ഗ്രാഫീൻ. വൈദ്യുതി, ചൂട്, ശക്തി തുടങ്ങിയ ഗുണങ്ങളിൽ അതിവിശേഷതയുള്ള ഈ വസ്തു അടുത്ത തലമുറ സാങ്കേതികവിദ്യകൾക്ക് ഏറ്റവും വലിയ സാധ്യതയുള്ളതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നാലുദിവസം നീളുന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, വ്യവസായ ചർച്ചകൾ എന്നിവ നടക്കും. ആദ്യ ദിവസത്തെ ശാസ്ത്രീയ സെഷനുകളിൽ കൃത്രിമ ബുദ്ധി ഉപയോഗിച്ച മെറ്റീരിയൽ എഞ്ചിനിയറിംഗ്, എംക്സീൻ അധിഷ്ഠിത ഇലക്ട്രോകാറ്റലിസിസ്, ഗ്രാഫീൻ ഇലക്ട്രോഡുകൾ, നാനോ സെൻസർ സാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ ഗവേഷണങ്ങൾ അവതരിപ്പിക്കപ്പെട്ടു.








