12:27pm 17 April 2026
NEWS
സ്വകാര്യ ആശുപത്രികളെ വിഴുങ്ങുന്ന ആഗോള ഭീമന്മാർ; രോഗികൾക്കുമേൽ ലേലം വിളിച്ച് മാനേജ്‌മെന്റ്
17/04/2026  11:11 AM IST
സന്തോഷ് ശ്രീധർ
സ്വകാര്യ ആശുപത്രികളെ വിഴുങ്ങുന്ന ആഗോള ഭീമന്മാർ; രോഗികൾക്കുമേൽ ലേലം വിളിച്ച് മാനേജ്‌മെന്റ്

കേരളത്തിലെ പൊതു ആരോഗ്യരംഗം കുറ്റമറ്റതാണെന്ന് സർക്കാർ നാഴികയ്ക്ക് നാല്പതു വട്ടം വാതോരാതെ പ്രസംഗിക്കുമ്പോഴും ദൈനംദിനം പുറത്ത് വരുന്ന വാർത്തകൾ നമ്മെ ഞെട്ടിക്കുന്നതാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷനെത്തുടർന്ന്  രോഗിണിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതും വർഷങ്ങൾക്ക് ഇപ്പുറം കണ്ടെത്തിയതുമായ കഥകൾ പുറത്ത് വരുമ്പോൾ ഇവിടുത്തെ സാധാരണക്കാർക്ക്  എങ്ങനെയാണ് പൊതു ആരോഗ്യ ഇടങ്ങളെ പേടി കൂടാതെ സമീപിക്കാൻ കഴിയുക.

അവിടെയാണ് സാധാരണക്കാർ ജീവൻരക്ഷക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ഇടയാക്കുന്നത്.
പക്ഷേ ഇന്ന് സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് എത്രപേർക്ക് അറിയാം. വേണ്ടുന്നതിനും വേണ്ടാത്തതിനും ആശുപത്രിയിലുള്ള മിക്ക ആരോഗ്യസംബന്ധമായ ഉപകരണങ്ങളും രോഗിയുടെ മേൽ അടിച്ചേൽപ്പിച്ച് രോഗിയെ സമ്മർദ്ദത്തിൽ ആക്കുന്ന രീതിയാണ് അനുവർത്തിക്കുന്നത്.

ഇത്തരക്കാർ കേരളത്തിന്റെ ആരോഗ്യരംഗത്തെ മലീമസമാക്കും എന്ന് പറയേണ്ടതില്ലല്ലോ. ലാഭേഛ മാത്രം കൈമുതലാക്കിയ ഇവർ ആരോഗ്യരംഗത്തെക്കുറിച്ച് മുൻധാരണയോ മുൻവിധികളോ ഇല്ലാത്തവരും ലാഭകണക്കുമായി നടക്കുന്നവരും ആണ്.
കേരളത്തിന്റെ മണ്ണിൽ പടുത്തുയർത്തിയ ആരോഗ്യ മാതൃകകൾ ഇന്ന് വലിയൊരു ഭീഷണിയിലാണ്. സ്‌നേഹവും കരുതലും മുഖമുദ്രയാക്കിയ നമ്മുടെ ആശുപത്രിമുറികളിലേക്ക് ലാഭക്കണ്ണുമായി വിദേശ കോർപ്പറേറ്റുകൾ കടന്നുവരുമ്പോൾ, അത് ഒരു മാറ്റത്തിന്റെ മാത്രം കഥയല്ല, മറിച്ച് സാധാരണക്കാരന്റെ ചികിത്സാ സുരക്ഷയുടെ അന്ത്യം കൂടിയാണ്.  ഈ അധിനിവേശം മലയാളിയുടെ ആരോഗ്യ സ്വപ്നങ്ങളെ തകർക്കുന്നതാണ്.

മനുഷ്യജീവനേക്കാൾ വലുത് പണം മാത്രം

വിദേശ കമ്പനികളെ സംബന്ധിച്ചിടത്തോളം രോഗി എന്നത് വെറുമൊരു   ലാഭം തരുന്ന 'കസ്റ്റമർ' മാത്രമാണ്. അവരുടെ ബോർഡ് മീറ്റിംഗുകളിൽ ചർച്ച ചെയ്യപ്പെടുന്നത് എത്ര ജീവൻ രക്ഷിച്ചു എന്നതിനേക്കാൾ, ഈ മാസം എത്ര ലാഭം  ഉണ്ടായെന്നാണ്. വിദേശ കമ്പനികൾ പക്കാ ബിസിനസ്സുകാരാണ്; അവർക്ക് ഡോക്ടർക്കും രോഗിക്കുമിടയിലുള്ള ആത്മബന്ധത്തേക്കാൾ വലുത് ഡോളറിന്റെ തിളക്കവും കണിശമായ കണക്കുപുസ്തകങ്ങളുമാണ്. അമിതമായ ടെസ്റ്റുകളും അനാവശ്യ മരുന്നുകളും അടിച്ചേൽപ്പിക്കപ്പെടുന്ന വെറുമൊരു കച്ചവടകേന്ദ്രമായി നമ്മുടെ ആശുപത്രികൾ മാറുകയാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണം ആണ് ഏതാനും  ദിവസങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അരങ്ങേറിയത്. ഇവിടെ ചികിത്സയ്‌ക്കെത്തിയ രോഗിയോട് ലേലം വിളിക്ക് സമാനമായ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഒരു ലക്ഷം രൂപ പറഞ്ഞുറപ്പിച്ചതിന് ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഈ ആശുപത്രിയിൽ പുതിയ മാനേജ്‌മെന്റ് വന്നതിന് ശേഷം നിലവിൽ ഉണ്ടായിരുന്ന നല്ലൊരു ശതമാനം ഡോക്ടറന്മാരും രാജി വെച്ച് പോയി എന്നത് എടുത്തുപറയേണ്ടത് ആണ്. ഓരോ മാസവും അവർക്ക് ടാർഗറ്റ് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ലക്ഷത്തിൽ കുറഞ്ഞ ചികിത്സ ഇവിടെ ഇല്ല എന്ന അവസ്ഥയാണ്. ഹിന്ദിലോബിയായ ഈ മാനേജ്‌മെന്റ് കേരളത്തിലെ ചെറുതും വലുതുമായ നിരവധി സ്വകാര്യ ആശുപത്രികൾ ആണ് സ്വന്തമാക്കിയത്. ആഗോള ഭീമന്മാരായ കച്ചവടക്കമ്പനികൾ കേരളത്തിലെ വൻകിട ആശുപത്രികളുടെ തലപ്പത്ത് എത്തിയത് ഭയത്തോടെ വേണം നാം കാണേണ്ടത്.
ഇന്ത്യയിലെയും വിദേശത്തെയും ചികിത്സാച്ചെലവുകൾ തമ്മിലുള്ള അന്തരം ആരെയും ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ഇന്ന് ഒരു സാധാരണക്കാരന് ലഭിക്കുന്ന ലോകോത്തര ചികിത്സയ്ക്ക്, അമേരിക്കയിലെ ചികിത്സാച്ചെലവിന്റെ അഞ്ഞൂറിലൊന്ന് (1/500) പോലും വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

കേരളത്തിൽ വെറും 2 മുതൽ 5 ലക്ഷം രൂപ വരെ ചെലവ് വരുന്ന ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് അമേരിക്കയിൽ 70 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നൽകേണ്ടി വരുന്നു. ഒരു സാധാരണ ഒ.പി പരിശോധനയ്ക്ക് നമ്മുടെ നാട്ടിൽ 300 മുതൽ 1000 രൂപ വരെയാകുമ്പോൾ, വിദേശ രാജ്യങ്ങളിൽ ഇത് 15,000 രൂപ മുതൽ 30,000 രൂപ വരെയാണ്. 
വിദേശ നിക്ഷേപകർ പിടിമുറുക്കുന്നതോടെ നമ്മുടെ ഈ കുറഞ്ഞ നിരക്കുകൾ അപ്രത്യക്ഷമാകുകയും സാധാരണക്കാരന് ചികിത്സ അപ്രാപ്യമാവുകയും ചെയ്യും.

ലാഭം വർദ്ധിപ്പിക്കാനായി അവർ ചികിത്സാനിരക്കുകൾ കുത്തനെ ഉയർത്തുന്നതോടെ, മരുന്ന് വാങ്ങാൻ പോലും കഷ്ടപ്പെടുന്ന മലയാളിക്ക് ആശുപത്രി വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞേക്കാം.
വിദേശരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ കടലാസിൽ മികച്ചതായിരിക്കാം, പക്ഷേ പ്രായോഗികമായി അത് പലപ്പോഴും ഒരു ദുരന്തമാണ്. അവിടെ ഒരു എംആർഐ സ്‌കാനിംഗിനോ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ അപ്പോയിന്റ്മെന്റിനോ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് പതിവാണ്. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, ഏത് സമയത്തും മികച്ച ഡോക്ടർമാരുടെ സേവനം നമുക്ക് ലഭ്യമാണ്. എന്നാൽ കോർപ്പറേറ്റ്‌വൽക്കരണം വരുന്നതോടെ 'സിസ്റ്റം' എന്ന പേരിൽ മനുഷ്യത്വമില്ലാത്ത നൂലാമാലകൾ ഉണ്ടാകുകയും, രോഗി വേദനകൊണ്ട് പുളയുമ്പോഴും അപ്പോയിന്റ്മെന്റിനായി കാത്തുനിൽക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാവുകയും ചെയ്യും.

നമ്മുടെ ആശുപത്രികൾ വിദേശക്കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നത്, സാധാരണക്കാരന്റെ അവസാന പ്രതീക്ഷയെയും വില്പനയ്ക്ക് വെക്കുന്നതിന് തുല്യമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇത്തരം പ്രവണതകൾ കണ്ടില്ലെന്ന് നടിക്കുന്നത് ഇന്ത്യൻ ജനതയോട് ചെയ്യുന്ന ക്രൂരതയായെ കാണാൻ കഴിയൂ. 
പണമില്ലാത്തവന് ചികിത്സ നിഷേധിക്കപ്പെടുന്ന, ജീവനേക്കാൾ പണത്തിന് വിലയുള്ള ഒരു കാലത്തിലേക്കാണോ നാം പോകുന്നത് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ചികിത്സ എന്നത് പണമുള്ളവന്റെ മാത്രം അവകാശമായി മാറുന്ന ഒരു നാളെ ആയിരിക്കും ഇനി വരാനിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.