
സുരേഷ് വണ്ടന്നൂർ
ശബരിമല വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചതിന് പിന്നാലെ വിവാദങ്ങൾ മുറുകി. ഈ മാസം 20-ന് പമ്പാ മണപ്പുറത്ത് നടക്കുന്ന സംഗമത്തിനെതിരെ ബി.ജെ.പി, മറ്റ് സംഘപരിവാർ സംഘടനകൾ, പന്തളം കൊട്ടാരം എന്നിവർ രംഗത്തെത്തി. എന്നാൽ, എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഗമത്തിന്റെ ലക്ഷ്യങ്ങൾ
ശബരിമലയിലെ വികസന പദ്ധതികൾക്ക് ആഗോളതലത്തിൽ സ്പോൺസർമാരെ കണ്ടെത്തുകയാണ് അയ്യപ്പ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ശബരിമലയുടെ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യുക, ഗതാഗത വിഷയങ്ങൾ പരിഹരിക്കുക, ആത്മീയ-സാംസ്കാരിക സമ്മേളനങ്ങൾ നടത്തുക എന്നിവയും സംഗമത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരുമിച്ചു കൊണ്ടുവരിക എന്ന ആശയം മലേഷ്യൻ ഭക്തനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മുന്നോട്ട് വെച്ചത്.
മുഖ്യാതിഥികളും ക്ഷണിക്കപ്പെട്ടവരും
സംഗമത്തിലേക്ക് ആറ് കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ട്. നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ്, പീയുഷ് ഗോയൽ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരാണ് ക്ഷണിക്കപ്പെട്ട കേന്ദ്രമന്ത്രിമാർ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിൻമാറിയതിനാൽ, ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ മുഖ്യാതിഥിയായേക്കും. വിവിധ സാമുദായിക സംഘടനകളെയും, ശബരിമലയുമായി ബന്ധപ്പെട്ട മലയ, അരയ വിഭാഗങ്ങളെയും സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അഞ്ഞൂറ് പ്രതിനിധികൾക്കുള്ള താമസസൗകര്യം പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഒരുക്കും.
വിവാദങ്ങളും രാഷ്ട്രീയവും
സംഗമം നടത്താൻ തിരഞ്ഞെടുത്ത സമയം, അതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്നിവയാണ് പ്രധാനമായും വിവാദങ്ങൾക്ക് കാരണം. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ സംഘർഷങ്ങളും പ്രതിഷേധങ്ങളും പ്രതിപക്ഷവും സംഘപരിവാർ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. ശബരിമല സമരത്തിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ബി.ജെ.പി യും പന്തളം കൊട്ടാരവും ഈ ആവശ്യങ്ങൾ മുന്നോട്ട് വെച്ച്, സംഗമത്തിന് ബദലായി 22-ന് പന്തളത്ത് വിശ്വാസ സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ജനരോഷം തണുപ്പിക്കാനുള്ള സർക്കാർ നീക്കമാണിതെന്ന് വിമർശകർ ആരോപിക്കുന്നു. എന്നാൽ, സംഗമം നടത്തുന്നത് ദേവസ്വം ബോർഡാണെന്ന് പറഞ്ഞ് സർക്കാർ പ്രതിരോധത്തിലായി. സംഗമം അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ മുറുകുമ്പോൾ, ശബരിമലയുടെ വികസനം അവഗണിക്കപ്പെടരുതെന്ന പൊതുവായ ആവശ്യം ഉയരുന്നുണ്ട്.











