
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുന്നു. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യമാണ്.
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. അസാധാരണമായി കണ്ണിലെ സമ്മര്‍ദ്ദം കൂടുമ്പോഴാണ് (Intraocular Pressure - IOP) ഇത്തരം അവസ്ഥയിലേക്ക് നയിക്കുന്നത്. കണ്ണിലെ ദ്രാവകം ചെലുത്തുന്ന സമ്മര്‍ദ്ദമാണ് Intraocular Pressure (IOP), ഇത് ഗ്ലോക്കോമ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കും പ്രധാന പങ്ക് വഹിക്കുന്നു.
Normal IOP 10 - 21mmHg ആണ്. ഈ അളവ് കൂടുന്നതനുസരിച്ച് ഒപ്റ്റിക് നാഡിയെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം കാഴ്ച നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. ഗ്ലോക്കോമ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കാഴ്ച നഷ്ടമാകുന്ന ഘട്ടം വരെ മറ്റു പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
ജനിതക ഘടകങ്ങള്‍, ജീവിതശൈലി, നേത്രപരിചരണത്തിലെ വിട്ടുവീഴ്ചകള്‍ എന്നിവയാണ് ഇന്ത്യയില്‍ ഗ്ലോക്കോമ രോഗ കാരണങ്ങള്‍. ഇതില്‍ പ്രധാനമായും ജനിതക കാരണങ്ങളാലാണ് രോഗം ബാധിക്കുന്നത്. രക്തബന്ധമുള്ള കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെങ്കില്‍ രോഗ സാദ്ധ്യത കൂടുതലാണെന്ന് കണക്കാക്കാം. ഇതുകൂടാതെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, എന്നിവയും മറ്റു കാരണങ്ങളാണ്.
ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ അല്ലെങ്കില്‍ പ്രൈമറി ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയാണ് ഏറ്റവും സാധാരണയായി കാണുന്നത്. ഇന്‍ട്രാ ഓക്യുലര്‍ പ്രഷര്‍ വര്‍ദ്ധിക്കുന്നത് മൂലം കണ്ണിലെ ദ്രാവകം ശരിയായി ഒഴുകിപ്പോകാന്‍ കഴിയാതെ വരുന്നതാണ് ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയ്ക്ക് കാരണമാകുന്നത്. ഈ ദ്രാവകം അടിഞ്ഞുകൂടുന്നത് കാരണം കണ്ണിന്റെ മര്‍ദ്ദം ഉയരുന്നു, ഇത് ഒപ്റ്റിക് നാഡിക്ക് തകരാറുണ്ടാക്കുന്നു. കാലക്രമേണ, ഈ രോഗം ഭേദമാകാന്‍ സാധിക്കാത്ത വിധം കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാലതാമസം ഉണ്ടാകുന്നതിനാല്‍ ചികിത്സ വൈകാന്‍ സാദ്ധ്യതയുണ്ട്.
അപകട സാധ്യതാ ഘടകങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും
പ്രായഭേദമന്യേ ഗ്ലോക്കോമ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും പ്രധാനമായും താഴെപ്പറയുന്ന വിഭാഗങ്ങളില്‍ പെട്ടവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
· കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാനുള്ള സാദ്ധ്യത കൂടുതലാണ്.
· 40 വയസ്സിനു ശേഷം രോഗസാദ്ധ്യത വര്‍ദ്ധിക്കുന്നു.
· പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവരില്‍ ഗ്ലോക്കോമ വരാനുള്ള സാദ്ധ്യത കൂടുതലാണ്.
· ജനിതക കാരണങ്ങളാലാണ് ഇന്ത്യയില്‍ ഗ്ലോക്കോമ രോഗം കൂടുതലായും ബാധിക്കുന്നത്.
ഗ്ലോക്കോമ എങ്ങനെ നേരിടാം?
· നിങ്ങള്‍ക്ക് രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് മനസ്സിലാക്കിയാല്‍, പതിവായി നേത്ര പരിശോധന നടത്തുക.
· സമീകൃതാഹാരവും വ്യായാമവും ഉള്‍പ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക.
· പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അവസ്ഥകള്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുക.
രോഗനിര്‍ണ്ണയം
കാഴ്ച നഷ്ടമാകുന്ന അവസ്ഥ തടയുന്നതിനായി മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയം അനിവാര്യമാണ്. മങ്ങിയ കാഴ്ച, കണ്ണ് വേദന, കണ്ണില്‍ ചുവപ്പ്, കണ്ണുവേദനയ്‌ക്കൊപ്പം ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കുക.
ചികിത്സാ രീതികള്‍
ഗ്ലോക്കോമ മൂലമുണ്ടാകുന്ന തകരാറുകള്‍ മാറ്റാന്‍ കഴിയില്ല, എന്നാല്‍ കൃത്യമായ ചികിത്സയും പതിവ് പരിശോധനകളും കാഴ്ച നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കാനോ, തടയാനോ സഹായിക്കും. പ്രത്യേകിച്ച് നിങ്ങള്‍ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധിക്കുകയാണെങ്കില്‍. ഇന്‍ട്രാ ഓക്യുലാര്‍ മര്‍ദ്ദം കുറച്ചാണ് ഗ്ലോക്കോമ ചികിത്സിക്കുന്നത്. ചികിത്സാ രീതികളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള തുള്ളി മരുന്നുകള്‍ (കണ്ണിലൊഴിക്കുന്നവ), ഗുളികകള്‍, ലേസര്‍ ചികിത്സ, ശസ്ത്രക്രിയ അല്ലെങ്കില്‍ ഇവയുടെ സംയോജന രീതി എന്നിവ ഉള്‍പ്പെടുന്നു. കണ്ണിനുള്ളിലെ മര്‍ദ്ദം കുറയ്ക്കുകയും ഒപ്റ്റിക് നാഡിക്ക് കൂടുതല്‍ തകരാറുകള്‍ സംഭവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.
ഗ്ലോക്കോമ എന്ന രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 12ന് ലോക ഗ്ലോക്കോമ ദിനം ആചരിക്കുന്നു. കൃത്യമായ നേത്ര പരിശോധന, മുന്‍കൂട്ടിയുള്ള കണ്ടെത്തല്‍, ഗ്ലോക്കോമ ചികിത്സ എന്നിവയുടെ ആവശ്യകത ഉയര്‍ത്തി കാട്ടുന്ന ഒരു സുപ്രധാന ദിനമാണിത്. IOPയുടെ പ്രാധാന്യം മനസ്സിലാക്കുകയും മുന്‍കരുതന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ കാഴ്ച സംരക്ഷിക്കാനും രോഗത്തെ ചെറുക്കാനും സാധിക്കുന്നു. 'വ്യക്തമായി ഭാവി കാണുക' എന്നതാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ ദിനത്തിന്റെ വിഷയം. ഇതിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.
Dr Sabitha Safar
Consultant Ophthalmologist
SUT Hospital, Pattom
Photo Courtesy - Google