05:11pm 15 September 2026
NEWS
ഒരത്യാവശ്യത്തിന് നൽകി, മടക്കി വാങ്ങാൻ മറന്നു; സമൂഹത്തിൽ കുട്ടികൾ നശിക്കുന്നു
19/05/2025  07:53 PM IST
ആനന്ദ് കണ്ണശ
ഒരത്യാവശ്യത്തിന് നൽകി, മടക്കി വാങ്ങാൻ മറന്നു; സമൂഹത്തിൽ കുട്ടികൾ നശിക്കുന്നു
 
അഞ്ചു വർഷം മുമ്പ് കോവിഡ് മഹാമാരി കാലത്ത് നാം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകിയ മൊബൈൽ ഫോണുകൾ ഇനിയും നാം തിരിച്ചുവാങ്ങിയിട്ടില്ല. കേരളത്തിലെ കൗമാരക്കാരിൽ പെരുമാറ്റ വൈകല്യം, ലഹരി ഉപയോഗം ഉൾപ്പെടെയുള്ള എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും അറിവും ഊർജ്ജവും നൽകുന്നത് ഈ മൈബൈൽ ഫോണുകളാണ്. ഇന്ന് ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഭൂരിപക്ഷം കൗമാരക്കാർക്കും അക്കൗണ്ടുണ്ട്. ചിലർ സ്വന്തം പേരിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമാകുമ്പോൾ മറ്റു ചിലർ അവരവരുടെ ഹീറോകളുടെയും സഹോദരിസഹോദരൻമാരുടെയും അച്ഛനമ്മമാരുടെയുമൊക്കെ പേരും മുഖവുമാകും ഉപയോഗിക്കുക. കൗമാരക്കാരിയുടെ സ്വന്തം അമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകന്മാർക്ക് അയച്ചുകൊടുത്ത സംഭവം കേരളതലസ്ഥാനത്താണ് നടന്നത്. 
 
മൊബൈൽ ഫോണുകൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്ന ആൺകുട്ടികളും പെൺകുട്ടികളും സമൂഹത്തിലെ സാഹസികരും ലഹരി വിപണനക്കാരുമായ പലരുമായും ബന്ധപ്പെടുന്നുണ്ട്. ഈ ബന്ധങ്ങളാണ് പലരേയും ലഹരിയുടെയും അതുവഴി    ലൈംഗിക ചൂഷണത്തിന്റെയും വഴികളിലേക്ക് തള്ളിവിടുന്നത്. സാധാരണക്കാരായ പല മാതാപിതാക്കൾക്കും ഈ മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉണ്ടെന്നോ ഇൻസ്റ്റഗ്രാമും വാട്സാപ്പും ഫേസ്ബുക്കും ഉണ്ടെന്നോ അറിയില്ല എന്നതാണ് സത്യം. മാതാപിതാക്കൾക്ക് സങ്കേതിക വിദ്യയിലുള്ള അറിവില്ലായ്മയെക്കൂടിയാണ് നമ്മുടെ കൗമാരങ്ങൾ തെറ്റുകളിലേക്ക് ഊളിയിടാൻ ഉപയോഗിക്കുന്നത്. 
 
മാതാപിതാക്കളുടെ ഫോണിൽ ഇൻസ്റ്റഗ്രാമും വാട്സാപ്പും ഫേസ്ബുക്ക് മെസഞ്ചറുമെല്ലാം ഇൻസ്റ്റാൾ ചെയ്യുകയും തങ്ങൾക്ക് ആവശ്യമുള്ളവരുമായി ചാറ്റ് ചെയ്ത ശേഷം ഇത്തരം ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുകയും വീണ്ടും ആവശ്യമുള്ളപ്പോൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്ന കൗമാരക്കാരുമുണ്ട്. മക്കൾ ഫോണെടുക്കുന്നത് ഓൺലൈൻ ക്ലാസിനാണെന്ന് ഇന്നും കരുതുന്ന മാതാപിതാക്കളും കുറവല്ല. 
 
എങ്ങനെ മാതൃകാ മാതാപിതാക്കളാകാം എന്ന പരിശീലനമാണ് മാതാപിതാക്കൾക്ക് സർക്കാർ ഏറ്റവും ആദ്യം ചെയ്യേണ്ടത്. കുട്ടികൾക്ക് എന്തൊക്കെ നൽകണം എന്തൊക്കെ നൽകരുത് എന്ന് കൃത്യമായ പരിശീലനം മാതാപിതാക്കൾക്ക് നൽകണം. ഒരു ചെറിയ തെറ്റുപോലും ശ്രദ്ധയിൽപെട്ടാൽ മറച്ചുവെക്കാനോ ന്യായീകരിക്കാനോ അല്ല ശ്രമിക്കേണ്ടത് എന്നും പഠിപ്പിക്കണം. എന്റെ കുട്ടി അങ്ങനെ ചെയ്യില്ല എന്ന മാതാപിതാക്കളുടെ മനോഭാവം മാറണം. അങ്ങേലെ കുട്ടി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും എന്റെ കുട്ടിയും ആ തെറ്റിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും അതിന് ഞാൻ അനുവദിക്കില്ലെന്നുമുള്ള തിരിച്ചറിവും നിശ്ചയദാർഢ്യവുമാണ് കേരളത്തിലെ മാതാപിതാക്കൾക്ക് ആദ്യം ഉണ്ടാകേണ്ടത്. ശിക്ഷണം നൽകാത്ത മാതാപിതാക്കൾ ശത്രുക്കൾക്ക് സമമാണെന്ന വചനം നാം ഓരോ മാതാപിതാക്കളെയും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കണം.

Photo Courtesy - meta ai

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img