
സ്കൂളിലെ പ്രഥമാധ്യാപകൻ പെൺകുട്ടികളെ ആർത്തവ പരിശോധന നടത്തിയെന്ന് പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ആർഎസ് ധമാനി സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് പരാതി. സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പലിനെ കൂടാതെ ഒരു പ്യൂൺ, രണ്ട് അദ്ധ്യാപകർ, രണ്ട് സ്കൂൾ ട്രസ്റ്റികൾ എന്നിവർക്കെതിരെയാണ് കേസ്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂൾ ടോയ്‌ലറ്റിൽ രക്തക്കറ കണ്ടതിനെത്തുടർന്ന് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം ഉൾപ്പെടെ അഴിച്ച് പരിശോധിച്ചു എന്നാണ് പരാതി.
ചൊവ്വാഴ്ചയാണ് സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെ ടോയ്ലറ്റിൽ എത്തിച്ച് വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. പെൺകുട്ടികളെ പ്രിൻസിപ്പൽ സ്കൂളിലെ ഹാളിലേക്ക് വിളിച്ച് വരുത്തി ടോയ്ലറ്റിലെ രക്തക്കറകളുടെ ചിത്രങ്ങൾ കാണിച്ചുവെന്ന് ഹൗസ് കീപ്പിംഗ് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രിൻസിപ്പലിന്റെ ആവശ്യപ്രകാരം വനിതാ പ്യൂൺ ആണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം വരെ പരിശോധിച്ചത്. കുട്ടികൾ വിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രിൻസിപ്പലിനെയും പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.











