
പത്തനംതിട്ട: മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനി ദീർഘകാലമായി ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പിതാവുൾപ്പെടെ ഏഴുപേർക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.
സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി താൻ നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ചൈൽഡ്‌ലൈൻ അധികൃതർക്ക് കൈമാറുകയും അവരുടെ ഇടപെടലിനെ തുടർന്ന് മലയാലപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടിയുമായി നടത്തിയ കൗൺസിലിങ്ങിലാണ് ഏഴാം ക്ലാസ് മുതൽ വിവിധ ഘട്ടങ്ങളിലായി പലരിൽ നിന്നായി ലൈംഗികാതിക്രമം നേരിട്ടതായി വിദ്യാർഥിനി വെളിപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവുൾപ്പെടെ രണ്ട് പ്രതികൾ വിദേശത്താണെന്നും ഇവരെ നാട്ടിലെത്തിക്കാൻ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മറ്റൊരു പ്രതി പ്രായാധിക്യത്തെ തുടർന്ന് മരിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
പീഡനം വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത പ്രതികൾ നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആകെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.
അമ്മ ജോലിക്കായി പുറത്തുപോകുന്ന സമയങ്ങളിലാണ് വാടകവീട്ടിൽ താമസിച്ചിരുന്ന കുട്ടി പീഡനത്തിനിരയായതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. വിദ്യാർഥിനിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് തുടർ അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.








