
പത്തു വയസുള്ള സ്വന്തം മകളെ വേശ്യാവൃത്തിക്കായി വിറ്റ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖർഘർ പ്രദേശത്താണ് സംഭവം. മുപ്പതുകാരിയായ യുവതിയാണ് സ്വന്തം മകളെ വേശ്യാവൃത്തിക്കായി വിറ്റത്. മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ റെയ്ഡിനിടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
കൊപാർഗാവിൽ നിന്നുള്ള ഒരു സ്ത്രീ പത്തു മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള പെൺകുട്ടിയെ തലോജ ഫേസ് 2 പ്രദേശത്തെ ഒരാൾക്ക് വേശ്യാവൃത്തിക്കായി അയച്ചുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും എഴുപതു വയസ്സുകാരനായ ഫറൂഖ് അല്ലൗദ്ദീൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ ലണ്ടനിൽ സ്ഥിരതാമസക്കാരനെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഷെയ്ഖ് പെൺകുട്ടിയെ മദ്യം കുടിപ്പിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന വിവരം അറിഞ്ഞുകൊണ്ടായിരുന്നു ഇയാളുടെ അതിക്രമം.
യുവതി മകളെ നൽകിയതിന് പ്രതിഫലമായി ഷെയ്ഖിൽ നിന്ന് രണ്ടര ലക്ഷം രൂപയും പ്രതിമാസ പണവും സ്വീകരിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇരുവരെയും നവംബർ നാലാംതീയതി വരെ റിമാൻഡ് ചെയ്തതായി നവി മുംബൈ പൊലീസ് അറിയിച്ചു.











