07:20pm 27 June 2026
NEWS
പതിമൂന്നുകാരി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊലപ്പെടുത്തി
17/05/2025  03:57 PM IST
nila
പതിമൂന്നുകാരി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊലപ്പെടുത്തി

തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ എടുത്തു വളർത്തി. കുഞ്ഞ് വളർന്ന് പതിമൂന്ന് വയസായപ്പോൾ രണ്ട് കാമുകന്മാരുമായി ചേർന്ന് പോറ്റമയെ കൊലപ്പെടുത്തി. ഒഡീഷയിലാണ് സംഭവം. ഭുവനേശ്വർ സ്വദേശിനി രാജലക്ഷ്മി കർ എന്ന അൻപത്തിനാലുകാരിയെയാണ് ഇവരുടെ വളർത്തുമകളായ എട്ടാം ക്ലാസുകാരിയും രണ്ട് കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തിയത്. ഒഡീഷയിലെ ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിൽവച്ചാണ് രാജലക്ഷ്മിയെ പെൺകുട്ടിയും കാമുകന്മാരും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാജലക്ഷ്മിയുടെ വളർത്തുമകളായ പെൺകുട്ടിയേയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ചേർന്നാണ് ഉപക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ വെറും മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ദത്തെടുത്തത്. ഒരു വർഷത്തിനുശേഷം ഭർത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളർത്തിയത്. മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ ലഭിച്ചതോടെയാണ് പരാലഖേമുൻഡിയിലേക്കു താമസം മാറിയത്. 

മകൾക്ക് രണ്ട് പുരുഷന്മാരുമായുള്ള ബന്ധം എതിർത്തതാണ് പകക്ക് കാരണമായത്. പ്രണയ ബന്ധത്തിൽ രാജലക്ഷ്മി എതിർപ്പ് ഉയർത്തിയതോടെ അമ്മയ്ക്കും മകൾക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങി. ഇതോടെയാണ് പെൺകുട്ടിയും കാമുകന്മാരും ചേർന്ന് രാജലക്ഷ്മിയെ കൊലപ്പെടുത്തി സ്വത്തുക്കൾ കയ്യടക്കാൻ തീരുമാനിച്ചത്. 

ഏപ്രിൽ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ച് മൃതദേഹം വിട്ടുകൊടുത്തു. പിറ്റേദിവസം രാജലക്ഷ്മിയുടെ സ്വന്തം നാടായ ഭുവനേശ്വറിൽ എത്തിച്ച് മൃതദേഹം സംസ്കരിച്ചു. അമ്മ ഹൃദയാഘാതത്തെ തുടർന്നു മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു  പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ആരും സംശയിച്ചുമില്ല.

 എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഭുവനേശ്വറിൽ വച്ച് മറന്നുപോയിരുന്നു. ഇത് രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്. ഇൻസ്റ്റഗ്രാം മെസഞ്ചറിൽ കൊലപാതക പദ്ധതി വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വർണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയിൽ ആക്കണമെന്നതും ചാറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മേയ് 14ന് മിശ്ര പരാലഖേമുൻഡി പൊലീസിൽ പരാതി നൽകി.

റാത് ആണ് കൊലപാതകത്തിന് പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല നടത്തിയാൽ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കൾ കൈവശമാക്കാമെന്നും ഇയാൾ പെൺകുട്ടിയെ ബോധ്യപ്പെടുത്തി. ഏപ്രിൽ 29ന് വൈകുന്നേരം അമ്മയ്ക്ക് മകൾ ഉറക്കഗുളികകൾ നൽകി. അവർ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേർന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

രാജലക്ഷ്മിയുടെ കുറച്ച് സ്വർണാഭരണങ്ങൾ പെൺകുട്ടി നേരത്തേതന്നെ റാതിനു കൈമാറിയിരുന്നു. ഇത് 2.4 ലക്ഷം രൂപയ്ക്ക് ഇയാൾ വിറ്റു. പ്രതികളിൽനിന്ന് 30 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്നു മൊബൈൽ ഫോണുകളും രണ്ട് തലയിണകളും പിടിച്ചെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img