01:29am 23 May 2026
NEWS
രാവിലെ ചായയ്ക്ക് പകരം കുടിക്കുന്നത് പെട്രോൾ; യുവതിയുടെ വിചിത്ര ശീലം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
22/05/2026  01:43 PM IST
nila
രാവിലെ ചായയ്ക്ക് പകരം കുടിക്കുന്നത് പെട്രോൾ; യുവതിയുടെ വിചിത്ര ശീലം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

രാവിലെ എഴുന്നേറ്റ ഉടൻ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നത് പലരുടെയും പതിവാണ്. എന്നാൽ കാനഡ സ്വദേശിനിയായ ഷാനൻ എന്ന യുവതി ദിവസത്തിന് തുടക്കം കുറിക്കുന്നത് പെട്രോൾ കുടിച്ചുകൊണ്ടാണെന്നാണ് അവകാശപ്പെടുന്നത്. ഈ അസാധാരണ ശീലം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷാനന് ചെറുപ്പം മുതൽ തന്നെ പെട്രോളിന്റെ മണം ഏറെ ഇഷ്ടമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യം പെട്രോൾ നിറച്ച കുപ്പികളുടെയും ക്യാനുകളുടെയും മണം ആസ്വദിക്കുന്നതായിരുന്നു പതിവ്. പിന്നീട് അത് പെട്രോൾ കുടിക്കുന്ന ശീലമായി മാറി. കാലക്രമേണ ഈ ശീലം ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് എത്തിയതെന്നും യുവതി പറയുന്നു.

അമേരിക്കൻ ടെലിവിഷൻ പരിപാടിയായ My Strange Addiction ൽ പങ്കെടുത്തപ്പോഴാണ് ഷാനൻ തന്റെ ജീവിതത്തിലെ ഈ വിചിത്ര വശം തുറന്നുപറഞ്ഞത്. പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ വിഷയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

ഏകാന്തത, മാനസിക സമ്മർദ്ദം, ടെൻഷൻ തുടങ്ങിയ സാഹചര്യങ്ങളിൽ ആശ്വാസം കണ്ടെത്താനാണ് താൻ പെട്രോൾ കുടിക്കുന്നതെന്നാണ് ഷാനന്റെ വിശദീകരണം. ഇപ്പോൾ ദിവസത്തിൽ പല തവണ പെട്രോൾ ഉപയോഗിക്കുന്നതായി അവൾ വെളിപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ഈ ശീലം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ആരോഗ്യ വിദഗ്ധർ ഇതിനെ അതീവ ഗൗരവമുള്ള അവസ്ഥയായാണ് കാണുന്നത്. പെട്രോൾ വിഷാംശമുള്ള ദ്രാവകമാണെന്നും അത് ശരീരത്തിലെ വിവിധ അവയവങ്ങൾക്ക് ഗുരുതരമായ നാശം വരുത്താനിടയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ദീർഘകാലമായി പെട്രോൾ കഴിക്കുന്നത് ശ്വാസകോശം, കരൾ, വൃക്കകൾ, തലച്ചോർ എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. കൂടാതെ ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും നാഡീവ്യവസ്ഥയുടെ തകരാറുകൾക്കും കാരണമായേക്കാം.

മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത് ഒരു സാധാരണ ആസക്തി മാത്രമല്ല. 'പിക്ക' (Pica) എന്ന അപൂർവ മാനസിക-ആരോഗ്യ അവസ്ഥയുടെ ലക്ഷണമായിരിക്കാമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം അവസ്ഥയുള്ളവർ ഭക്ഷ്യയോഗ്യമല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ മണ്ണ്, ചോക്ക്, പെയിന്റ്, പെട്രോൾ തുടങ്ങിയ വസ്തുക്കൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img