
ജയ്പുർ: നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരി മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് സംശയം. രാജസ്ഥാനിലെ ജയ്പുരിലാണ് ഏഴുവയസുകാരി മരിച്ചത്. പിഹു കുമാവത് എന്ന കുട്ടിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂത്ത സഹോദരി ദിവ്യാംശി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും വീട്ടിൽ നൂഡിൽസ് ഉണ്ടാക്കി കഴിച്ചത്. പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതോടെ കുട്ടികൾ ഉറങ്ങാൻ കിടന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയാണ് ഇരുവരുടെയും ആരോഗ്യനില മോശമായതായി കണ്ടത്. ഉറക്കമുണർന്ന മൂത്ത മകൾ ക്ഷീണിതയായിരുന്നു. ഇളയ മകൾ ബോധരഹിതയായ നിലയിലുമായിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പിഹു മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ മരണകാരണം വ്യക്തമാകാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ കഴിച്ച നൂഡിൽസിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. കുട്ടികളുടെ സഹോദരനും കഴിഞ്ഞ രണ്ടുമാസമായി അസുഖബാധിതനായി ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനിടെ, കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ താനെയിലും ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ യുവാവ് മരിച്ചിരുന്നു. പ്രദേശത്തെ ബേക്കറിയിൽനിന്ന് വാങ്ങിയ മധുരപലഹാരം കഴിച്ചതിനു പിന്നാലെയാണ് ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെയും കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്ക് പിന്നീട് ടൈഫോയ്ഡും സ്ഥിരീകരിച്ചിരുന്നു.










