
കൊച്ചി: കളമശ്ശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. യുവതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർ കളമശ്ശേരിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
രാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സെന്റ് ജോസഫ് പള്ളിക്ക് സമീപം എത്തുമ്പോഴാണ് ആക്രമണം ഉണ്ടായത്. തൊപ്പിയും ഷർട്ടും ധരിച്ചിരുന്ന ഒരാളാണ് യുവതിയെ ആക്രമിച്ചതെന്ന് വിവരം. മുണ്ടുപയോഗിച്ച് വലിച്ചു താഴെയിട്ട് യുവതിയുടെ തല തൂണിൽ ഇടിക്കുകയും തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തശേഷമാണ് കവർച്ച നടത്തിയത്.
ആക്രമണത്തിൽ യുവതിയുടെ തലയുടെ പിൻഭാഗത്ത് പരിക്കേറ്റു. യുവതിയിൽ നിന്ന് ഒരു പവനിലധികം തൂക്കം വരുന്ന സ്വർണ്ണമാല, കമ്മൽ, ഐഫോൺ എന്നിവയാണ് കവർന്നത്. വിജനമായ സ്ഥലത്തായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്തുക്കളെത്തി ആശുപത്രിയിലെത്തിച്ചു. മാനസികാഘാതത്തെ തുടർന്ന് യുവതി സംസാരിക്കാൻ കഴിയാത്ത നിലയിലാണെന്നാണ് വിവരം. സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിലാണ് ആക്രമണം നടന്നത്.
പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.








