
കൊച്ചി: ഓർക്കല ഇന്ത്യയുടെ ഈസ്റ്റേൺ ബിസിനസ് യൂണിറ്റിന്റെ കേരള സി ഇ ഒ ആയി ഗിരീഷ് കുമാർ നായരെ നിയമിച്ചു. നോർവിജിയൻ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓർക്കല എ എസ് എയുടെ ഇന്ത്യൻ വിഭാഗമായ ഓർക്കല ഇന്ത്യയാണ് ഈസ്റ്റേൺ ഏറ്റെടുത്തിട്ടുള്ളത്. ഈസ്റ്റേണിന്റെ വളർച്ചയുടെ മേൽനോട്ടത്തോടൊപ്പം ഓർക്കല ഇന്ത്യയുടെ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ സി ഇ ഒ യിൽ നിക്ഷിപ്തമായിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടോളം ഭക്ഷ്യ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണന മേഖലയിൽ പരിചയമുണ്ട് ഗിരീഷ് കുമാർ നായർക്ക്. ഒലാം ഗ്രൂപ്പിൽ നിന്നാണ് ഈസ്റ്റേണിലേക്ക് അദ്ദേഹം എത്തുന്നത്. ഐ ഐ ടി മദ്രാസ്, ഐ ഐ എം ബംഗളുരു എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിപ്രോ, ബക്കാർഡി, ബ്രിട്ടാനിയ, ഡാബർ എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ഈസ്റ്റേണിനെ വളർച്ചയുടെ പുതുവഴിയിലേക്ക് നയിക്കാൻ ശേഷിയും പരിചയസമ്പത്തുമുള്ളയാളാണ് ഗിരീഷ് കുമാർ നായർ എന്ന് ഓർക്കല ഇന്ത്യ സി ഇ ഒ സഞ്ജയ് ശർമ്മ പറഞ്ഞു.
കേരളയീരുടെ പ്രിയപ്പെട്ട ഈസ്റ്റേണിനൊപ്പം ജോലി ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും കാലത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ വഴിയിലേക്ക് ടീമിനെ നയിക്കാനാണ് ലക്ഷ്യമെന്നും ഗിരീഷ് കുമാർ നായർ പറഞ്ഞു.










