
സബര്‍മതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഗാന്ധി കലയും കാലവും എന്ന സംവാദ പരിപാടിയില്‍ പത്മശ്രീ രിഗീഷ് കാസറവള്ളി സംസാരിക്കുന്നു
കൊച്ചി: രാജ്യത്തെ ജനങ്ങളെ ഭാഷയുടെ പേരില്‍ രണ്ടാംനിര പൗരന്മാരാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി പ്രശസ്ത സംവിധായകന്‍ പത്മശ്രീ ഗിരീഷ് കാസറവള്ളി. ജനങ്ങളുടെ മേല്‍ ഹിന്ദി എന്ന ഭാഷ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നതായും, ഗാന്ധി മുന്നോട്ടുവച്ച ആശയങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മള്‍ കടന്നു പോകുന്ന കാലം ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഗാന്ധിയന്‍ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് ഇന്ന് ശ്രമം നടക്കുന്നത്. ഇന്നത്തെ ലോകത്തിന്റെ പോക്ക് ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിര്‍ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. സബര്‍മതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഗാന്ധി കലയും കാലവും സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമകളില്‍ ഗാന്ധിയെ അവതരിപ്പിച്ച രീതികള്‍ അദ്ദേഹം വിശദീകരിച്ചു. ഗാന്ധിയേക്കാള്‍ മൂല്യമുള്ളത് ഗാന്ധിയന്‍ ആശയങ്ങള്‍ക്കാണെന്നും അത് ജനങ്ങളിലേക്ക് എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ആശയങ്ങളെ പകര്‍ത്തുക മാത്രമാണ് എല്ലാവരും ചെയ്യുന്നതെന്നും, അത് ഗാന്ധിയുമായി സാമ്യതപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. രാജ്യാന്തര പുരസ്‌കാര ജേതാവും ഗിരീഷ് കാസറവള്ളിയുടെ മകളുമായ അനന്യ കാസറവള്ളി, കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ് കുമാര്‍, ചരിത്രകാരന്‍ ഡോ. ടി എസ് ജോയ്, ചന്ദ്രഹാസന്‍ വടുതല, അഡ്വ. കെ വി സജീവന്‍, ഡോ. ജോര്‍ജ് മരങ്ങോലി, ഷൈജു കേളന്തറ എന്നിവര്‍ സംസാരിച്ചു.








