
ഗാസയെ ശവപ്പറമ്പാക്കി ഇസ്രയേലിന്റെ ഓപ്പറേഷൻ ‘ഗിദയോൻ ചാരിയറ്റ്’. ഗാസയുടെ തെക്കുഭാഗത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചശേഷം പ്രദേശത്തിന്റെയും സഹായവിതരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാൻ എന്ന പേരിലാണ് ഇസ്രയേൽ ‘ഓപ്പറേഷൻ ഗിദയോൻ ചാരിയറ്റ്’ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. എന്നാൽ, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ശനിയാഴ്ച രാത്രിമാത്രം 103 പേരാണ് കൊല്ലപ്പെട്ടത്.
വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാണ്. ഇതോടെ ഇവിടത്തെ പ്രധാന ആശുപത്രിയായ ഇൻഡൊനീഷ്യൻ ഹോസ്പിറ്റൽ അടയ്ക്കേണ്ടിവന്നു. വടക്കൻ ഗാസയിൽ അവശേഷിച്ചിരുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് പൂട്ടിയ ഇൻഡൊനീഷ്യൻ ആശുപത്രി.
ഖാൻ യൂനുസിലും സമീപപ്രദേശത്തുമായിനടന്ന വ്യോമാക്രമണങ്ങളിൽമാത്രം രണ്ടുദിവസത്തിനിടയിൽ 48 പേരാണ് മരിച്ചത്. ജബലിയ അഭയാർഥിക്യാമ്പിലുണ്ടായ രണ്ടാക്രമണങ്ങളിലായി 19 പേരും മരിച്ചു. അതേസമയം, ഹമാസിനുനേരേയാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. സാധാരണക്കാർ പാർക്കുന്നയിടങ്ങളിൽ ഇവർ തങ്ങുന്നതാണ് ഇത്രയധികം മരണങ്ങൾക്കിടയാക്കുന്നതെന്നും അവകാശപ്പെട്ടു.











