
സ്യൂട്ട്‌കെയ്സിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. ഡൽഹിയിലെ ഗാസിപുരിലാണ് സംഭവം. കാബ് ഡ്രൈവറായ അമിത് തിവാരിയാണ് അറസ്റ്റിലായത്. ലിവ്–ഇൻ–ടുഗെദർ പങ്കാളിയായ ശിൽപയെ കൊന്ന് സ്യൂട്ട്കേസിലാക്കി കത്തിക്കുകയായിരുന്നു എന്ന് ഇയാൾ പൊലീസിന് മൊഴിനൽകി. കാമുകി വിവാഹത്തിന് നിർബന്ധിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് ഗാസിപുരിൽ ഒറ്റപ്പെട്ട മേഖലയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കേസിനുള്ളിൽ പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നതിനു മുന്നോടിയായി ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ അതുവഴി പോയിരുന്നതായി പൊലീസിന്റെ അന്വഷണത്തിൽ കണ്ടെത്തി. റജിസ്ട്രേഷൻ നമ്പർ വച്ച് ലോനി സ്വദേശിയിലേക്ക് എത്തി. എന്നാൽ കാർ അമിത് തിവാരി എന്നയാൾക്ക് വിറ്റുവെന്നാണ് ഇയാൾ പറഞ്ഞത്. പൊലീസ് ഇരുപത്തിരണ്ടുകാരനായ അമിത് തിവാരിയെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്. ഗാസിയാബാദിൽ ജീവിക്കുന്ന കാബ് ഡ്രൈവറാണ് അമിത് തിവാരി. ദൃശ്യങ്ങളിൽ കണ്ട അനൂജ് കുമാറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗാസിയാബാദിൽ വെൽഡിങ് മെക്കാനിക് ആയി ജോലി ചെയ്യുന്നയാളാണ് അനൂജ്.
ഇരുപത്തിരണ്ടുകാരിയായ ബന്ധു ശിൽപയുടെ മൃതദേഹമാണിതെന്ന് അമിത് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇരുവരും ഒരു വർഷമായി ലിവ്–ഇൻ–റിലേഷൻഷിപ്പിലാണ്. ശിൽപ്പയ്ക്ക് അമിത്തിനെ വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ, ബന്ധം പിരിയാനായിരുന്നു അമിത്തിനു താൽപര്യം. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മദ്യപിച്ചിരുന്ന അമിത് ശിൽപ്പയുടെ കഴുത്തിനുപിടിച്ച് ശ്വാസംമുട്ടിച്ചുകൊന്നു. പിന്നാലെ മൃതദേഹം സ്യൂട്ട്‌കെയ്സിനുള്ളിലാക്കി ഉപേക്ഷിക്കാൻ അനൂജിനെ വിളിക്കുകയായിരുന്നു.
പടിഞ്ഞാറൻ ഉത്തർപ്രദേശിൽ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ രണ്ട് ചെക്‌പോസ്റ്റുകൾ പിന്നിട്ടതോടെ എത്രയുംപെട്ടെന്ന് മൃതദേഹം ഉപേക്ഷിച്ചാൽ മതിയെന്നായി. 160 രൂപയ്ക്ക് ഡീസൽ വാങ്ങിയ അമിത്, സ്ഥലത്തെത്തി സ്യൂട്ട്‌കെയ്സിന് തീകൊളുത്തുകയായിരുന്നു.











