ഗാസിയാബാദ്: യുവാവിനെ തലയറുത്തുകൊന്ന കേസിൽ നാലുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബിഹാറിലെ മോത്തിഹാരി സ്വദേശിയായ രാജു കുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് പരമാത്മ, നരേന്ദ്ര, ധനഞ്ജയ്, വികാസ് എന്നിവർ അറസ്റ്റിലായത്. സമ്പത്ത് കുമിഞ്ഞുകൂടുമെന്ന വിശ്വാസത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തലയോട്ടി ദുർമന്ത്രവാദത്തിനുപയോഗിച്ചത്.
അറസ്റ്റിലായവരിൽ രണ്ടുപേർ ദുർമന്ത്രവാദം ചെയ്യുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ മന്ത്രവാദം പഠിച്ചത് യുട്യൂബ് നോക്കിയാണെന്നും ഗാസിയാബാദ് പോലീസ് പറഞ്ഞു. ആറുമാസങ്ങൾക്കുമുൻപ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റിൽ കലാശിച്ചത്. ഈ വർഷം ജൂൺ 22-ന് ഗാസിയാബാദ് സിറ്റിക്കടുത്തുള്ള തിലാ മോഡ് ഭാഗത്ത് നിന്നായിരുന്നു തലയില്ലാത്ത മൃതദേഹം കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.