
ദോഹ: റെസ്പിറേറ്ററി സിൻസിറ്റിയൽ (RSV) വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കണ മെന്ന് ഖത്തർ പൊതുജന ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഗുരുതരമായ രോഗങ്ങളും ആശുപത്രിവാസവും തടയുന്നതിനും, ജീവന് ഭീഷണിയായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, കുറഞ്ഞത് രണ്ട് വർഷത്തേക്ക് സംരക്ഷണം നൽകുന്ന RSV വാക്സിൻ രാജ്യത്തെ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC) ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന സാധാരണ വൈറസാണ് ആർഎസ്‌വി. മൂക്കൊലിപ്പ്, ചുമ, പനി, ജലദോഷം പോലുള്ളവയാണ് ലക്ഷണങ്ങൾ. മറ്റ് ശ്വസന വൈറസുകളിൽ നിന്ന് ആർഎസ്‌വിയെ വേർതിരിച്ചറിയാനാകാത്ത തിനാൽ ആന്റിജൻ പരിശോധനയിലൂടെ മാത്രമേ ആർഎസ്‌വി കണ്ടെത്താൻ കഴിയു കയുള്ളു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സർവ്വേ പ്രകാരം ലോകമെമ്പാടുമുള്ള കുട്ടികളിൽ അക്യൂട്ട് ലോവർ റെസ്പിറേറ്ററി അണുബാധകൾക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ആർഎസ്‌വി. പ്രായമായവരിൽ ഗുരുതരമായ ശ്വാസകോശ രോഗത്തിനും കാരണമാകുന്നു. ഓരോ വർഷവും, ആർഎസ്‌വി 3.6 ദശലക്ഷത്തിലധികംആളുകൾക്ക് ആശുപത്രി വാസത്തിനും 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 100,000 മരണങ്ങൾക്കും കാരണമാകുന്നു.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ശ്വസന കണികകൾ വഴിയും,രോഗബാധിതരായ ആളുകളുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വഴിയും ആർഎസ്‌വി പകരുന്നു. മൂക്കൊലിപ്പ്, വരണ്ട ചുമ, തൊണ്ടവേദന, തുമ്മൽ, തലവേദന, നേരിയ പനി എന്നിവയാണ് ആർഎസ്‌വിയുടെ ലക്ഷണങ്ങൾ.60 വയസ്സിനു മുകളിലുള്ള മുതിർന്നവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ള വ്യക്തികൾ, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ ആർഎസ്‌വി വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.











