09:22pm 24 October 2026
NEWS
ജർമനിയിൽ ഹിറ്റ്ലറുടെ ആശങ്ങൾ പിന്തുടരുന്ന തീവ്ര വലതുപക്ഷ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം
07/09/2026  03:00 PM IST
nila
ജർമനിയിൽ ഹിറ്റ്ലറുടെ ആശങ്ങൾ പിന്തുടരുന്ന തീവ്ര വലതുപക്ഷ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

ബർലിൻ: ജർമനിയിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എ.എഫ്.ഡി.)ക്ക് വൻ തിരഞ്ഞെടുപ്പ് നേട്ടം. കിഴക്കൻ സംസ്ഥാനമായ സാക്സണി-അൻഹാൾട്ടിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ 43.8 ശതമാനം വോട്ട് നേടിയ എ.എഫ്.ഡി. 83 അംഗ നിയമസഭയിൽ 39 സീറ്റുകൾ സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് കുറവുള്ളത്.

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എ.എഫ്.ഡി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതത്തിൽ ഇരട്ടിയിലേറെ വർധനയാണ് ഇത്തവണ പാർട്ടിക്ക് ഉണ്ടായത്. നേരത്തെ വോട്ട് ചെയ്യാതിരുന്ന വലിയൊരു വിഭാഗം ജനങ്ങളെ പോളിങ് ബൂത്തിലെത്തിക്കാനും എ.എഫ്.ഡിക്ക് സാധിച്ചതായി വിലയിരുത്തപ്പെടുന്നു.

അതേസമയം, ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് (സി.ഡി.യു.) തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ 24 വർഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ള സി.ഡി.യുവിന് 17.2 ശതമാനം വോട്ടും 15 സീറ്റുകളും മാത്രമാണ് ലഭിച്ചത്. മുൻ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടിയുടെ വോട്ട് വിഹിതത്തിൽ വലിയ ഇടിവാണുണ്ടായത്.

സോഷ്യൽ ഡെമോക്രാറ്റുകൾ 9.3 ശതമാനം വോട്ടും ഗ്രീൻ പാർട്ടി 8.9 ശതമാനവും ലെഫ്റ്റ് പാർട്ടി 8.6 ശതമാനവും നേടി. മൂന്ന് പാർട്ടികൾക്കും എട്ട് സീറ്റുകൾ വീതമാണ് ലഭിച്ചത്. പുതിയ രാഷ്ട്രീയ ശക്തിയായ ബി.എസ്.ഡബ്ല്യു. പാർട്ടി 5.3 ശതമാനം വോട്ടോടെ അഞ്ച് സീറ്റുകളും സ്വന്തമാക്കി.

ഏകദേശം 21 ലക്ഷം ജനസംഖ്യയുള്ള സാക്സണി-അൻഹാൾട്ടിൽ ഇത്തവണ 77.8 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് എ.എഫ്.ഡിയുടെ മുന്നേറ്റത്തിന് അനുകൂലമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഹിറ്റ്ലറെയും നാസി ആശയങ്ങളെയും പിന്തുണയ്ക്കുന്ന പാർട്ടിയാണ് എ.എഫ്.ഡി. അമിത ദേശീയവാദവും കുടിയേറ്റവിരുദ്ധ നിലപാടുകളും ഉൾപ്പെടെയുള്ള നയങ്ങളുടെ പേരിൽ എ.എഫ്.ഡി. ജർമനിയിലും അന്താരാഷ്ട്ര തലത്തിലും ശക്തമായ വിമർശനം നേരിടുന്ന പാർട്ടിയാണ്. നാസി ആശയങ്ങളോട് അനുഭാവം പുലർത്തുന്ന നിലപാടുകൾ പാർട്ടിയിലെ ചില നേതാക്കൾ സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img