01:36pm 20 October 2026
NEWS
ഷൂട്ടൗട്ടിൽ ജർമനിക്ക് ഞെട്ടൽ; പരാഗ്വെ പ്രീ-ക്വാർട്ടറിലേക്ക്
30/06/2026  06:33 AM IST
nila
ഷൂട്ടൗട്ടിൽ ജർമനിക്ക് ഞെട്ടൽ; പരാഗ്വെ പ്രീ-ക്വാർട്ടറിലേക്ക്

ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ജർമനിയുടെ കിരീട സ്വപ്നങ്ങൾക്ക് അപ്രതീക്ഷിത വിരാമം. ആവേശകരമായ പോരാട്ടത്തിൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി ടൂർണമെന്റിൽ നിന്ന് പുറത്തായത്.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ആദ്യ പകുതിയുടെ 42-ാം മിനിറ്റിൽ ജൂലിയോ എൻസിസോയുടെ ഗോളിലൂടെ പരാഗ്വെ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ കായ് ഹാവെർട്‌സ് സമനില പിടിച്ചതോടെ മത്സരം അധികസമയത്തേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിലും വിജയഗോൾ പിറക്കാതിരുന്നതോടെ ഷൂട്ടൗട്ടിലായിരുന്നു വിധി നിർണയിച്ചത്.

ഷൂട്ടൗട്ടിൽ ജർമനിക്ക് തിരിച്ചടിയായി കായ് ഹാവെർട്‌സിന്റെയും നിക് വോൾട്‌മെയ്ഡിന്റെയും കിക്കുകൾ പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗിൽ തകർപ്പൻ സേവിലൂടെ തടഞ്ഞു. ജോനാഥൻ താഹിന്റെ ശ്രമം ലക്ഷ്യത്തിന് പുറത്തേക്കും പോയതോടെ ജർമനിയുടെ പ്രതീക്ഷകൾ അവസാനിച്ചു. മറുവശത്ത് അന്റോണിയോ സനാബ്രിയയും ഫാബിയൻ ബാൽബ്യൂനയും കിക്ക് പാഴാക്കിയെങ്കിലും പരാഗ്വെ വിജയം ഉറപ്പിച്ചു.

2014 ലോകകപ്പിന് ശേഷം ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ ജർമനിക്ക് മുന്നേറ്റം തുടരാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ഡെനിസ് ഉൻദാവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയെങ്കിലും പരാഗ്വെയുടെ അച്ചടക്കമുള്ള പ്രതിരോധം ഭേദിക്കാൻ ജർമൻ ആക്രമണനിരയ്ക്ക് സാധിച്ചില്ല. അധികസമയത്ത് ജോനാഥൻ താഹ് നേടിയ ഗോൾ വാർ പരിശോധനയിൽ അസാധുവാക്കപ്പെട്ടതും ജർമനിക്ക് തിരിച്ചടിയായി.

പരാഗ്വെയ്ക്ക് ഇത് ചരിത്രവിജയമാണ്. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ടീമിന്റെ ആദ്യ ഗോൾ നേടിയതും ജൂലിയോ എൻസിസോ തന്നെയായി. ഇതിന് മുമ്പ് കളിച്ച അഞ്ച് നോക്കൗട്ട് മത്സരങ്ങളിലും പരാഗ്വെയ്ക്ക് ഗോൾ നേടാനായിരുന്നില്ല. 2002 ലോകകപ്പിൽ പ്രീ-ക്വാർട്ടറിൽ ജർമനിയോട് ഏറ്റ തോൽവിക്ക് 24 വർഷങ്ങൾക്കുശേഷം മധുരപ്രതികാരവും പരാഗ്വെ സ്വന്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img