
ബർലിൻ: ജർമനിയിലെ ബോഹും നഗരത്തിൽ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ബോഹുമിലെ ഹോഫ്സ്റ്റെഡെ മേഖലയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ച് പരിക്കേറ്റ അഞ്ചുപേരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കട്ടപ്പന ശാന്തിഗ്രാം കൊച്ചെടാട്ടിൽ കെ.പി. സാബു–പി.എൻ. ജ്യോതി ദമ്പതികളുടെ മകളാണ് നോവ സാബു. ജർമനിയിൽ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. ജൂലൈ മൂന്നിനാണ് നോവ ജർമനിയിലേക്ക് പോയത്. വിരമിച്ച എസ്.ഐയാണ് പിതാവ് സാബു. മാതാവ് ജ്യോതി ചെമ്പകപ്പാറ പി.എച്ച്.സിയിൽ പബ്ലിക് ഹെൽത്ത് നഴ്സാണ്. ബുധനാഴ്ച വൈകിട്ടാണ് കുടുംബത്തിന് മരണവിവരം ലഭിച്ചത്. ബന്ധുക്കൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കൊല്ലം ചാമക്കാട് അശ്വനി നിവാസിൽ ജോയിയുടെയും ഷീലാ ജോയിയുടെയും മകളാണ് അഞ്ജലി എസ്. ജോയി. ഇരുവരും സർക്കാർ സർവീസിൽനിന്ന് വിരമിച്ചവരാണ്. കഴിഞ്ഞ ജൂലൈയിലാണ് ജോലി ലഭിച്ചതിനെ തുടർന്ന് അഞ്ജലി ജർമനിയിലേക്ക് പോയത്. അശ്വനിയാണ് സഹോദരി.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് പിന്നിൽ സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ. ആരെങ്കിലും തീയിട്ടതാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തീ മനഃപൂർവം കൊളുത്തിയതാണോ അബദ്ധത്തിൽ ഉണ്ടായതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കെട്ടിടത്തിലെ കോണിപ്പടികളിലൂടെ തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഇതോടെ അഗ്നിശമന സേനാംഗങ്ങൾക്ക് അപ്പാർട്ട്മെന്റുകളിലേക്ക് കടക്കാനും മുകളിലത്തെ നിലകളിൽ കുടുങ്ങിയവരുടെ അടുത്തെത്താനും ബുദ്ധിമുട്ടുണ്ടായി.
സംഭവത്തിന്റെ സാഹചര്യങ്ങളും തീപിടിത്തത്തിന്റെ യഥാർഥ കാരണവും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.










