06:07pm 22 April 2026
NEWS
ജോർജ്കുട്ടിയും സമാന്തരസിനിമയുടെ ഡീപ്പ് ഫോക്കസും
22/04/2026  11:23 AM IST
വിഷ്ണുമംഗലം കുമാർ
ജോർജ്കുട്ടിയും സമാന്തരസിനിമയുടെ ഡീപ്പ് ഫോക്കസും

 സമാന്തര സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത പേരാണ് ജോർജ് കുട്ടിയുടേത്. ബംഗളുരു ആസ്ഥാനമാക്കിയാണ് അര നൂറ്റാണ്ടുകാലം കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി ജോർജ് കുട്ടി നിലകൊണ്ടത്. കുറേക്കാലമായി അസുഖം മൂലം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മുഖ്യധാരയിൽ സജീവമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ വിയോഗം പോലും അധികമാരും അറിഞ്ഞില്ല. ഇന്നലെയായിരുന്നു ജോർജ് കുട്ടിയുടെ അന്ത്യം. 1977 ൽ ബാംഗ്ലൂർ ഫിലിം സൊസൈറ്റി സ്ഥാപിച്ചുകൊണ്ടാണ് ജോർജ് കുട്ടി ഗൗരവമുള്ള സിനിമാ പ്രവർത്തനത്തിൽ സജീവമായത്. കച്ചവട സിനിമയുടെ കടന്നുകയറ്റത്തിനിടയിലും സമാന്തര സിനിമയുടെ പ്രാധാന്യവും പ്രസക്തിയും സാധാരണക്കാരിലെത്തിക്കാൻ അദ്ദേഹം പരിശ്രമിച്ചു. കാമ്പുള്ള സിനിമകൾ പ്രദർശിപ്പിക്കാനും കാണികളിൽ അവയെക്കുറിച്ച് ആഴത്തിലുള്ള അവബോധം സൃഷ്ടിക്കാനും നഗരത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചിരുന്നു. 1988 ൽ ഡീപ്പ് ഫോക്കസ് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം ആരംഭിച്ചതോടെയാണ് ജോർജ് കുട്ടി സമാന്തര സിനിമക്കാരുടെ ഇടയിൽ കൂടുതൽ ശ്രദ്ധേയനായത്. നിലവാരമുള്ള ലോകസിനിമകളെ കുറിച്ചുള്ള ലേഖനങ്ങളും പഠനങ്ങളും ഉൾപ്പെടുത്തിയിരുന്ന ഡീപ്പ് ഫോക്കസ് മൂന്നുമാസത്തിലൊരിക്കലാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. അടൂർ ഗോപാലകൃഷ്ണൻ, ഗിരീഷ് കാസറവള്ളി, ഗോവിന്ദ് നിഹലാനി തുടങ്ങിയവരുടെ സിനിമകളെ പറ്റിയുള്ള പഠനങ്ങൾ ഡീപ്പ് ഫോക്കസ്സിൽ വന്നിട്ടുണ്ട്. മാർക്സിയൻ ചിന്താധാരയാണ് ജോർജ് കുട്ടിയെ സ്വാധീനിച്ചിരുന്നത്. എം കെ രാഘവേന്ദ്ര, മനു ചക്രവർത്തി തുടങ്ങി അറിയപ്പെടുന്ന പല സിനിമാനിരൂപകരും ഡീപ്പ് ഫോക്കസിന്റെ ഉപദേശക സമിതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2008 ൽ നിലച്ചുപോയ മാസിക 2012 ൽ വീണ്ടും പ്രസിദ്ധീകരണം തുടങ്ങുമ്പോൾ ലോകസിനിമയുടെ ഘടനതന്നെ മാറിയിരുന്നു. ജോർജ് കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. 2005 ൽ ആരംഭിച്ച വോയിസ്‌ ഫ്രം ദി വാട്ടർ എന്ന പ്രസ്ഥാനത്തിന്റെ കോർഡിനേറ്ററായിരുന്നു. ജല സംബന്ധമായ സിനിമകളെ കുറിച്ച് ലോകത്തെ തന്നെ പ്രമുഖ പ്രസ്ഥാനമായിരുന്നു അത്. ജോർജ് കുട്ടിയുടെ അന്ത്യത്തോടെ ഡീപ്പ് ഫോക്കസിന്റെ ആഴത്തിലുള്ള സിനിമാപഠനത്തിന് തിരശീല വീണിരിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img