10:36pm 04 June 2026
NEWS
രാജ്യസഭാ സീറ്റില്ല; ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി പദവി തെറിക്കുമോ?
04/06/2026  08:34 PM IST
nila
 രാജ്യസഭാ സീറ്റില്ല; ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി പദവി തെറിക്കുമോ?

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ മന്ത്രിപദവി സംബന്ധിച്ച് അനിശ്ചിതത്വം ശക്തമാകുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പുതിയ സ്ഥാനാർഥിപ്പട്ടികയിൽ ജോർജ് കുര്യന്റെ പേര് ഉൾപ്പെട്ടിട്ടില്ല. ഇതോടെയാണ് ജോർജ് കുര്യന് മന്ത്രിപദവിയും നഷ്ടമാകുമെന്ന ചർച്ചകൾ സജീവമായിരിക്കുന്നത്. 

നിലവിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് ജോർജ് കുര്യൻ. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭാം​ഗത്വം രാജിവെച്ചതിനെ തുടർന്നുവന്ന ഒഴിവിലാണ് ജോർജ് കുര്യൻ രാജ്യസഭയിലെത്തിയത്.  ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും. ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. 2021-ൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാൾ കുറഞ്ഞ വോട്ടാണ് ജോർജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്.

നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോർജ് കുര്യനെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന വരുന്നതോടെ നീക്കിയേക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img