08:50pm 29 July 2026
NEWS
സി.പി.ഐയിൽ തലമുറമാറ്റം അനിവാര്യം; മുതിർന്ന നേതാക്കൾ കസേര വിടാത്തത് പ്രതിസന്ധി
22/09/2025  10:08 AM IST
സുരേഷ് വണ്ടന്നൂർ
സി.പി.ഐയിൽ തലമുറമാറ്റം അനിവാര്യം; മുതിർന്ന നേതാക്കൾ കസേര വിടാത്തത് പ്രതിസന്ധി

ചണ്ഡിഗഡ്: "പാർട്ടിയെ മൃതാവസ്ഥയിലാക്കിയ പ്രതിസന്ധികൾക്ക് കാരണം നേതൃസ്ഥാനം ചിലർ കൈയ്യടക്കി വയ്ക്കുന്നതുകൊണ്ടാണ്." - സി.പി.ഐ. യുടെ 25-ാം പാർട്ടി കോൺഗ്രസിനായുള്ള കരട് സംഘടനാ റിപ്പോർട്ടിലെ ഈ വാക്കുകൾ പാർട്ടിയുടെ അകത്തളങ്ങളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന അസ്വസ്ഥതകളെയാണ് പുറത്തുകൊണ്ടുവരുന്നത് 75 വയസ് പിന്നിട്ട ഡി. രാജ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരണമോയെന്ന ചർച്ചകൾ പുരോഗമിക്കവേയാണ്, പാർട്ടി തലമുറമാറ്റത്തിന് വിധേയമാകണമെന്ന ശക്തമായ നിർദേശം റിപ്പോർട്ടിൽ ഉയർന്നുവന്നത്.

​ഒരിക്കൽ നേതൃപദവിയിലെത്തിയാൽ "പാർട്ടിയുടെ അനിവാര്യൻ" എന്ന് സ്വയം വിശേഷിപ്പിച്ച് വർഷങ്ങളോളം സ്ഥാനത്ത് തുടരുന്ന പ്രവണതയെ റിപ്പോർട്ട് നിശിതമായി വിമർശിക്കുന്നു. ഇത് പാർട്ടിയിലെ എല്ലാ തലങ്ങളിലേക്കും മുരടിപ്പ് വ്യാപിപ്പിച്ചു. ചിലർ പാർട്ടി പദവികൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. ഈ സാഹചര്യത്തിൽ, കേന്ദ്ര സെക്രട്ടേറിയറ്റിലെ മുതിർന്ന നേതാക്കളുടെ പ്രവർത്തനം പോലും മൂന്നു മാസത്തിലൊരിക്കൽ വിലയിരുത്തണമെന്ന കർശന നിർദേശവും കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

​'തലമുറമാറ്റം അനിവാര്യം'

​നേതൃനിരയിൽ യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം തീരെ കുറവാണെന്ന് റിപ്പോർട്ട് തുറന്നുപറയുന്നു. ദേശീയ, സംസ്ഥാന കമ്മിറ്റികളിലെ നേതാക്കളുടെ ശരാശരി പ്രായം 60-നു മുകളിലാണ്. ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ ലിംഗസമത്വവും യുവജന പങ്കാളിത്തവും ഉറപ്പാക്കണം. സ്ഥാനാർഥിത്വം ലഭിക്കാത്തവർ പാർട്ടി വിട്ടുപോകുന്നതും, നിലവിലെ കേഡർ സംവിധാനത്തിലെ അശാസ്ത്രീയതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

അംഗത്വം കൃത്യമായി പുതുക്കുന്നില്ലെന്നും, ബ്രാഞ്ച് തലത്തിൽ വർഷം 10% അംഗത്വ വർധന ഉറപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
​ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ സി.പി.ഐ.യുടെ ഭാവി പ്രവർത്തനങ്ങളെയും നേതൃത്വത്തെയും സംബന്ധിച്ച് നിർണായകമായ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്. പഴകിയ നേതൃത്വത്തെ മാറ്റി യുവരക്തത്തിന് പ്രാധാന്യം നൽകി, പാർട്ടിക്ക് പുതിയ ഊർജ്ജം നൽകണമെന്ന നിർബന്ധബുദ്ധിയാണ് റിപ്പോർട്ടിലുടനീളം ദൃശ്യമാകുന്നത്. ഇത് പാർട്ടി കോൺഗ്രസിൽ എത്രത്തോളം സ്വീകാര്യത നേടുമെന്ന് കണ്ടറിയണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img