
ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് അനധികൃതമായി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിൽ തുടരുന്ന ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പ്രീ-പ്രിന്റ് പതിപ്പാണ് വിവിധ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തിൽ, ഇതേ പേരിലുള്ള ടൈപ്പ്സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് ഈ പകർപ്പ് തയ്യാറാക്കിയതെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു. ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ പുസ്തകത്തിന്റെ കവർ ചിത്രവും വിൽപ്പന സൂചനകളോടൊപ്പം പ്രചരിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, കിഴക്കൻ ലഡാക്കിലെ ചൈനീസ് സൈനിക നീക്കങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ഈ പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ പരാമർശിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വാദിച്ചിരുന്നു.
തുടർന്ന്, പ്രിന്റ് ചെയ്ത പതിപ്പുമായി രാഹുൽ ഗാന്ധി സഭയിലെത്തുകയും, പുസ്തകത്തിലെ “ജോ ഉചിത് സംജോ വോ കരോ” എന്ന രാജ്‌നാഥ് സിങ്ങിന്റെതായി പറയപ്പെടുന്ന നിർദേശവാചകം പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉയർത്തുകയും ചെയ്തു. പുസ്തക ചോർച്ചയും അതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.










