01:16am 23 September 2026
NEWS
ഔദ്യോഗിക അനുമതിയില്ല; റേഞ്ച് റോവർ യാത്രയിൽ കെ.എം. ഷാജിയുടെ വാദം പൊളിയുന്നു
22/09/2026  07:25 PM IST
nila
ഔദ്യോഗിക അനുമതിയില്ല; റേഞ്ച് റോവർ യാത്രയിൽ കെ.എം. ഷാജിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ വിവാദ റേഞ്ച് റോവർ യാത്രയിൽ പുതിയ വഴിത്തിരിവ്. സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ പൊതുഭരണവകുപ്പിന്റെ അനുമതി ലഭിച്ചെന്ന വാദത്തിന് വിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഷാജി റേഞ്ച് റോവർ ഉപയോഗിക്കുന്നതിന് പൊതുഭരണവകുപ്പ് ഇതുവരെ പ്രത്യേക അനുമതി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് വിവരം.

ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് യാത്ര ചെയ്യാൻ മാത്രമാണ് ഷാജിക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. കർണാടക സർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗത്തിന് നൽകിയ കത്തിലും റേഞ്ച് റോവറിന്റെ വാഹന നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിമാർക്ക് സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും അതിന് പൊതുഭരണവകുപ്പിന്റെ അനുമതി ഉത്തരവ് ആവശ്യമാണ്. മുൻപും ചില മന്ത്രിമാർ സ്വകാര്യ ആഡംബര വാഹനങ്ങൾ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിന് ഔദ്യോഗിക അനുമതി നേടിയ ശേഷമായിരുന്നു ഉപയോഗം.

റേഞ്ച് റോവർ വിവാദമായതിന് പിന്നാലെ വാഹനം നൽകിയത് സുഹൃത്തായ യാക്കൂബാണെന്ന് കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു. വീട്ടിൽ വെറുതെ കിടക്കുന്ന നല്ല വാഹനങ്ങൾ സുഹൃത്തുക്കൾ നൽകാൻ തയ്യാറാണെങ്കിൽ ആവശ്യമായ അനുമതി വാങ്ങി ഉപയോഗിക്കാമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

എന്നാൽ റേഞ്ച് റോവർ ഉപയോഗിക്കുന്നതിന് ആവശ്യമായ പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് പോകുന്നതിനുള്ള അനുമതിയാണ് ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇതോടെ റേഞ്ച് റോവർ യാത്രയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാകുകയാണ്. പ്രതിപക്ഷം മന്ത്രിക്കെതിരെ വിമർശനം കടുപ്പിച്ചിട്ടുണ്ട്. നേരത്തെ ഔദ്യോഗിക വാഹനവുമായി ബന്ധപ്പെട്ട് '13-ാം നമ്പർ' തിരഞ്ഞെടുക്കാനുള്ള ഷാജിയുടെ തീരുമാനവും രാഷ്ട്രീയ ചർച്ചയായിരുന്നു.

അതേസമയം, റേഞ്ച് റോവർ വിവാദത്തിൽ മന്ത്രിയെ ന്യായീകരിച്ച് ഭരണപക്ഷത്തുള്ളവർ രംഗത്തെത്തുന്നുണ്ടെങ്കിലും വിഷയത്തിൽ ചോദ്യങ്ങൾ തുടരുകയാണ്. വിവാദം ശക്തമായി തുടരുന്നതിനിടെ മന്ത്രി കെ.എം. ഷാജി യൂറോപ്യൻ പര്യടനത്തിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img