
വാനനിരീക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ജെമിനിഡ്സ് ഉൽക്കാവർഷം നാളെ മുതൽ ഇന്ത്യയിലും ദൃശ്യമാകും. ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യയുടെ ആകാശത്തും ജെമിനിഡ്സ് ഉൽക്കാവർഷം കാണാനാകുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഈ ആകാശവിസ്മയം കാണാനാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഈ വർഷത്തെ ഏറ്റവും സജീവവും മനോഹരവുമായ ഉൽക്കാവർഷങ്ങളിൽ ഒന്നായാണ് ജെമിനിഡ്സ് ഉൽക്കാവർഷത്തെ കണക്കാക്കപ്പെടുന്നത്. കാലാവസ്ഥ തെളിഞ്ഞാൽ മണിക്കൂറിൽ നൂറിലധികം ഉൽക്കകളെത്രയും കാണാൻ കഴിയുന്ന അപൂർവ അവസരമാണ്. സാധാരണ ഉൽക്കാവർഷങ്ങൾ വാൽനക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് രൂപപ്പെടാറുള്ളത്. പക്ഷേ ജെമിനിഡ്സ് അതിൽ നിന്ന് വ്യത്യസ്തമാണ്. ഇത് 3200 ഫേത്തൺ എന്ന ചെറുഗ്രഹത്തിന്റെ പൊടി കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ കത്തുന്നതിന്റെ ഫലമാണ്. മിഥുനം (ജെമിനി) നക്ഷത്രസമൂഹത്തിൽ നിന്നാണ് ഇവ വരുന്നതായി തോന്നുന്നതിനാലാണ് ഇതിന് ജെമിനിഡ്സ് എന്ന പേര് ലഭിച്ചത്.
ഉൽക്കാവർഷം കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വാനനിരീക്ഷണം നടത്താനാണ് വിദഗ്ധർ പറയുന്നത്. ഇരുട്ടുമായി പൊരുത്തപ്പെടാൻ കണ്ണുകൾക്ക് സമയം ആവശ്യമുള്ളതിനാലാണിത്. പ്രകാശ മലിനീകരണമില്ലാത്ത ഇരുണ്ട സ്ഥലം തിരഞ്ഞെടുക്കുക. മരങ്ങളോ കെട്ടിടങ്ങളോ കാഴ്ചയെ തടയുന്നില്ലെന്നും ഉറപ്പ് വരുത്തണം. വെളിച്ചം കുറവുള്ള ടെറസുകൾ, തുറസ്സായ പാർക്കുകൾ, ഹിൽ സ്റ്റേഷൻ വ്യൂപോയിന്റുകൾ എന്നിവ അനുയോജ്യമാണ്. ജെമിനിഡ്സ് ഉൽക്കാവർഷം കാണാൻ ദൂരദർശിനിയോ ബൈനോക്കുലറോ ആവശ്യമില്ല.











