
മെഹന്തി വിവാദത്തിൽ ആർജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത രംഗത്ത്. അഞ്ജലിയുടെ പ്രാങ്ക് കോൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് ഗീതി സംഗീതയുടെ നിലപാട്. മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയെയാണ് വിളിച്ച് മോശമായി സംസാരിച്ചതെന്നും ഒരുതവണ വിളിച്ച് അധിക്ഷേപിച്ചിട്ട് അവർ മര്യാദ കൊണ്ട് ഒന്നും പറയാതെ കട്ട് ചെയ്തതിനു ശേഷം വീണ്ടും വിളിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും താരം ചോദിക്കുന്നു. അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വീഡിയോയിൽ കമന്റായാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇനി ഓരോ കാൾ വരുമ്പോഴും പേടിയോടെയല്ലാതെ എങ്ങനെ ആ സ്ത്രീ കാൾ എടുക്കുമെന്നും ഗീതി ചോദിക്കുന്നുണ്ട്. മീശമാധവന്റെ പേര് പറഞ്ഞു ന്യായീകരിക്കാനുള്ള തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു. ആരെ ബോധ്യപ്പെടുത്താനാണ് ഈ നാടകമെന്നും താരം ചോദിക്കുന്നുണ്ട്.
താരത്തിന്റെ കമന്റ് ഇങ്ങനെ:
‘‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ?
ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം..!!? ’’–ഗീതി സംഗീത കുറിച്ചു.











