
ദോഹ/മനാമ: ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ഏഴായിരത്തിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഗൾഫ് സഖ്യസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ പുതിയ ഭീകരാക്രമണങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമയിൽ നടന്ന ജി.സി.സി മന്ത്രിതല കൗൺസിലിന്റെ 167-ാമത് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളെയും തന്ത്രപ്രധാനമായ സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാൻ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഇറാൻ തൊടുത്തുവിട്ട 7,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും അതീവ പ്രൊഫഷണലായി പ്രതിരോധിച്ച ജി.സി.സി സായുധ സേനയുടെ കഴിവിനെയും സന്നദ്ധതയെയും ഞാൻ അഭിനന്ദിക്കുന്നു. സേനയുടെ ഈ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തങ്ങൾ ഒഴിവാക്കാനും ജീവനുകളും തന്ത്രപ്രധാന ആസ്തികളും സംരക്ഷിക്കാനും സഹായിച്ചതെന്ന്
ജി.സി.സി ജനറൽ സെക്രട്ടറിജാസിം മുഹമ്മദ് അൽ ബുദൈവിപറഞ്ഞു.ഇത്തരം കടുത്ത പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടും, പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് മേഖലയെ തള്ളിവിടാതിരിക്കാൻ ജി.സി.സി രാജ്യങ്ങൾ കടുത്ത ആത്മസംയമനവും വിവേകവുമാണ് കാണിച്ചതെന്നും ജനറൽ സെക്രട്ടറി ഓർമ്മിപ്പിച്ചു. അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളെ കാറ്റിൽപ്പറത്തിയും യു.എൻ ചാർട്ടറുകൾ ലംഘിച്ചും നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി നിലകൊള്ളണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.











