
ദോഹ: ഗൾഫ് സഹകരണ കൗൺസിലിന്റെ ദശാബ്ദങ്ങളായ സ്വപ്നം യാഥാർഥ്യമായി മാറുന്നു. ആറ് ഗൾഫ് രാഷ്ട്രങ്ങളെ ഏകീകരിച്ച് വികസനത്തിനും ഐക്യത്തിനും പുതിയ ഗതി നൽകുന്ന ജിസിസി റെയിൽവേ പ്രോജക്റ്റ്
അതിവേഗതയിലേക്ക്.
ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയാണ്.
സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയുടെ നിർമ്മാണത്തിന് ഖത്തർ മന്ത്രിസഭ അനുമതി നൽകി. ഒക്ടോബർ 8ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് അനുമതി ലഭിച്ചത്.
100 കിലോമീറ്റർ ദൈർഘ്യമുള്ള ഖത്തർ ഭാഗത്തെ പുതിയ പാത 2030ഓടെ പൂർത്തിയാകും. തെക്കുപടിഞ്ഞാറൻ അതിർത്തി പട്ടണമായ അബു സംറ വഴി സൗദിയിലെ ദമ്മാമുമായി ഇത് നേരിട്ട് ബന്ധിപ്പിക്കും. പാത ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഹമദ് തുറമുഖം, മമിസയിദ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവയുമായും ബന്ധിപ്പിക്കും.
കുവൈറ്റിൽ നിന്ന് ദമ്മാം വഴി യുഎഇയിലേക്കും ഒമാനിലെ മസ്കറ്റിലേക്കും നീളുന്ന ഗൾഫ് റെയിൽവേയുടെ മുഴുവൻ ഭാഗവും 2030ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ദമ്മാമിൽ നിന്ന് ബഹ്റൈനിലേക്കുള്ള 45 കിലോമീറ്റർ കോസ്വേ ലിങ്കും ഇതിനൊപ്പം നിർമ്മിക്കും.
മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾക്കായി 2,000 കിലോമീറ്റർ നീളമുള്ള റെയിൽപാതഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പുതുക്കി എഴുതുന്ന ചരിത്രപരമായ ഗതാഗത ശൃംഖലയാകും.











