
ദോഹ: നാലാമത് ഗൾഫ് ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ആതിഥേയരായ ഖത്തർ. മൂന്നാം ദിനം മാത്രം 10 സ്വർണ്ണവും 10 വെള്ളിയും 5 വെങ്കലവുമടക്കം 25 മെഡലുകളാണ് ഖത്തർ താരങ്ങൾ വാരിക്കൂട്ടിയത്. ഇതോടെ ആകെ മെഡലുകളുടെ എണ്ണം 54 ആയി ഉയർന്നു. 2022-ൽ കുവൈറ്റിൽ നടന്ന കഴിഞ്ഞ പതിപ്പിലെ (52 മെഡലുകൾ) നേട്ടം ഖത്തർ ഇത്തവണ മൂന്നാം ദിനം തന്നെ മറികടന്നു.ഹമദ് അക്വാട്ടിക് കോംപ്ലക്സിൽ നടന്ന മത്സരങ്ങളിൽ ഖത്തർ നീന്തൽ താരങ്ങൾ ആധിപത്യം ഉറപ്പിച്ചു. 200 മീറ്റർ ഫ്രീസ്റ്റൈലിൽ സാദ് അൽ ദിൻ സാമി, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ മുഹമ്മദ് മഹ്മൂദ്, 200 മീറ്റർ റിലേ ടീം എന്നിവർ പുതിയ ഗൾഫ് റെക്കോർഡുകളോടെ സ്വർണ്ണം നേടി. ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ താനി വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.
ഹൈജമ്പിൽ ഒമാൻ താരത്തിനൊപ്പം സ്വർണ്ണം പങ്കുവെച്ച് ലോകചാമ്പ്യൻ മുതാസ് ബർഷിം കായിക മാന്യതയുടെ മാതൃകയായി. 5000 മീറ്റർ നടത്തത്തിൽ മബ്റൂക്ക് സാലിഹ് അൽ കർബി, പോൾവോൾട്ടിൽ സെയ്ഫ് അൽ ദിൻ അബ്ദുൽ സലാം എന്നിവരും സ്വർണ്ണം നേടി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സാറ അലിയും പൊന്നണിഞ്ഞു.ബൗളിംഗ് ട്രിയോസ് ഇനത്തിൽ തലാൽ അൽ മാരി, ബദർ അൽ സാദ, ജാസിം അൽ മരീഖി സഖ്യം സ്വർണ്ണം നേടി. ബില്യാർഡ്സ് ഡബിൾസിൽ അലി അൽ ഉബൈദ്ലി - അബ്ദുൽ ലത്തീഫ് അൽ ഫവ്വാൽ സഖ്യം കുവൈറ്റിനെ പരാജയപ്പെടുത്തി (7-1) സ്വർണ്ണം സ്വന്തമാക്കി.
ഹാൻഡ് ബോളിൽ ആദ്യ മത്സരത്തിൽ യു.എ.ഇയെ 28-20 എന്ന സ്കോറിന് പരാജയപ്പെടുത്തി ഖത്തർ വിജയത്തുടക്കം കുറിച്ചു.ബോക്സിംഗിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി ഖത്തർ താരങ്ങൾ കരുത്തുതെളിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ മെഡലുകൾ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഖത്തർ ക്യാമ്പ്.










