08:21pm 07 September 2026
NEWS
​ഗാസ ഇപ്പോൾ ഭൂമിയിലെ നരകമെന്ന് റെഡ് ക്രോസ്
12/04/2025  07:34 AM IST
nila
​ഗാസ ഇപ്പോൾ ഭൂമിയിലെ നരകമെന്ന് റെഡ് ക്രോസ്

യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധവും കൂടിയായപ്പോൾ ​ഗാസയിലെ ജനജീവിതം ദുഷ്കരമെന്ന് റിപ്പോർട്ട്. അവശ്യ സാധനങ്ങളും ജീവൻ രക്ഷാ മരുന്നുകളും ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് ​ഗാസയിലെ ജനങ്ങൾ കടന്നു പോകുന്നത്. ഭക്ഷണത്തിനും വെളളത്തിനും ജനം ബുദ്ധിമുട്ടുകയാണ്. ​ഗാസയിലേക്കുള്ള വൈദ്യുതി വിതരണവും ഇസ്രയേൽ തടഞ്ഞിട്ടുണ്ട്.

​ഗാസക്കുമേൽ ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതോടെ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. റെഡ്ക്രോസിന്റെ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ മരുന്നുകൾക്കും ക്ഷാമമുണ്ടാകും എന്നാണ് മുന്നറിയിപ്പ്. രണ്ടാഴ്ചയ്ക്കകം ആശുപത്രിയിലെ മരുന്നുകൾ തീരുമെന്ന് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ്ക്രോസ് പ്രസിഡന്റ് മിർജാന സ്പോൾജറിക് മുന്നറിയിപ്പു നൽകി. ​ഗാസ ഇപ്പോൾ ഭൂമിയിലെ നരകമാണെന്നും മിർജാന പറഞ്ഞു.

‘ഭൂമിയിലെ നരകമാണു ഗാസയിപ്പോൾ. അവിടെ പലഭാഗത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ല’– മിർജാന പറഞ്ഞു. കഴിഞ്ഞമാസം രണ്ടിനുശേഷമാണ് ഭക്ഷണവും മരുന്നുമായെത്തുന്ന ട്രക്കുകൾ ഇസ്രയേൽ തടയാൻതുടങ്ങിയത്. 18നു ആക്രമണം ഇസ്രയേൽ പുനരരാംഭിക്കുകയും ചെയ്തു. ആക്രമണം ശക്തമായതോടെ റെഡ് ക്രോസ് പ്രവർത്തകർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മിർജാന പറഞ്ഞു. ആന്റിബയോട്ടിക്സ്, ബ്ലഡ് ബാഗുകൾ എന്നിവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുന്നതായി ലോകാരോഗ്യസംഘടനയും വ്യക്തമാക്കി.

അതേസമയം, ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം ഇസ്രയേൽ നടത്തിയ 33 ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും മാത്രമാണു കൊല്ലപ്പെട്ടതെന്നു യുഎൻ മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തി. മാർച്ച് 18നും ഏപ്രിൽ 9നും ഇടയിൽ പാർപ്പിടകേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ 224 ആക്രമണങ്ങളാണ് നടത്തിയതെന്നും യുഎൻ വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img