
ഗാസ സിറ്റി: ഗാസയിൽ ഇന്നുമുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും. 15 മാസത്തെ ഇസ്രയേൽ - ഹമാസ് യുദ്ധത്തിനാണ് ഇതോടെ താത്ക്കാലിക വിരമമാകുന്നത്. പ്രാദേശികസമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12)ആണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. അതേസമയം, ആവശ്യമെങ്കിൽ ആക്രമണം തുടരാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.
തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം ഇന്നു വൈകിട്ടു നാലുമണിക്ക് ആരംഭിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. വെള്ളിയാഴ്ച ആറു മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹമാസുമായുള്ള സമാധാന കരാറിന് ഇസ്രയേലിന്റെ പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകിയത്. സമാധാനത്തിലേക്കു വഴി തുറന്നെങ്കിലും ഇന്നലെയും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിനിടെ യെമനിലെ ഹൂതി വിമതർ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി. ഹൂതികളുടെ ആക്രമണത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
മൂന്നു ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക; ഏഴാം ദിവസം 4 പേരെയും. തുടർന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും. 98 ബന്ദികൾ ഗാസയിലുണ്ടെന്നാണ് കണക്ക്. ഒന്നാം ഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിർത്തലിന്റെ രണ്ടാംഘട്ടം ചർച്ച ചെയ്തു തീരുമാനിക്കും.











