
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഏഴു ബന്ദികളെ മോചിപ്പിച്ചു. ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവടങ്ങിൽ വച്ച് റെഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറിയത്. തുടർന്ന് ഇവരെ ഇസ്രയേൽ സൈന്യത്തിന് കൈമാറി. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയിൽ നിന്നും ഏഴ് പേരെയും തങ്ങൾ ഏറ്റുവാങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഏഴ് ബന്ദികളെ ഇസ്രായേലിലേക്ക് എത്തിച്ച ശേഷം അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനായി ഒരു സൈനിക താവളത്തിലേക്ക് മാറ്റും. തുടർന്ന് അവരെ ഹെലികോപ്റ്ററിൽ ഇസ്രായേലി ആശുപത്രികളിലേക്ക് കൊണ്ടുപോകും. 1,900-ലധികം പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഗാസ മുനമ്പിൽ തടവിലാക്കപ്പെട്ട 20 ജീവനുള്ള ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു. രണ്ട് വർഷത്തെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ എത്തിയ വെടിനിർത്തലിന്റെ ഭാഗമായാണ് കൈമാറ്റം.
അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടു.
ബാർ എബ്രഹാം കുപ്പർഷൈൻ, എവ്യാതർ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കൽഫോൺ, അവിനാറ്റൻ ഓർ, എൽക്കാന ബോബോട്ട്, മാക്സിം ഹെർക്കിൻ, നിമ്രോഡ് കോഹൻ, മതാൻ ആംഗ്രെസ്റ്റ്, മതാൻ സാൻഗൗക്കർ, ഈറ്റൻ ഹോൺ, ഈറ്റൻ എബ്രഹാം മോർ, ഗാലി ബെർമൻ, സിവ് ബെർമൻ, ഒമ്രി മിറാൻ, അലോൺ ഒഹെൽ, ഗൈ ഗിൽബോവ-ദലാൽ, റോം ബ്രാസ്ലാവ്സ്കി, ഏരിയൽ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് മോചിതരാകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.











