
ടെൽ അവീവ്: നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിനു കൈമാറി. രണ്ട് കുട്ടികളുടെ മൃതദേങ്ങഹൾ ഉൾപ്പെടെയാണ് ഹമാസ് കൈമാറിയത്. ഷിരി ബിബാസ്, ഇവരുടെ രണ്ട് ആൺകുട്ടികൾ, 83 വയസുകാരനായ ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് തിരികെ നൽകിയത്. അമേരിക്കയുടെ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഹമാസിന്റെ വാദം.
2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇതാദ്യമായിട്ടാണ് ഇത്തരമൊരു മൃതദേഹ കൈമാറ്റം നടക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നിലവിൽവന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് മൃതദേഹ കൈമാറ്റം നടന്നത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധികളാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ബന്ദികളുടെ മൃതദേഹങ്ങൾ സ്വീകരിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
മൃതദേഹങ്ങൾ ഇസ്രയേലിന് കൈമാറുന്നതിന് മുന്നോടിയായി ഹമാസ് നാല് ശവപ്പെട്ടികൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. ഇതിലോരോന്നിലും മരിച്ചയാളുകളുടെ ചിത്രം ഉണ്ടായിരുന്നു. "അവർ യുഎസ്എ ബോംബുകളാൽ കൊല്ലപ്പെട്ടു" എന്ന് രേഖപ്പെടുത്തിയ വെളുത്ത മിസൈൽ രൂപങ്ങളും ശവപ്പെട്ടികൾക്ക് സമീപം സ്ഥാപിച്ചിരുന്നു.











