
തിരുവനന്തപുരം ഗായത്രിവധക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാട്ടാക്കട സ്വദേശിയായ ഗായത്രി(24)യെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണും ഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതി ബന്ധത്തിൽ നിന്നും പിന്മാറാത്തതിലെ പകയിലാണ് പ്രവീൺ കൊലനടത്തിയത്.
2022 മാർച്ച് ആറാം തീയതിയാണ് തമ്പാനൂരിലെ ലോഡ്ജിൽ ഗായത്രിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗായത്രിയുടെ ആൺസുഹൃത്തായ പ്രവീൺ കൊലപാതകിയെന്ന് കണ്ടെത്തിയത്. ഗായത്രിയുടെ മരണം ആത്മഹത്യയാണെന്ന് കരുതിക്കോളുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. എന്നാൽ പൊലീസ് അന്വേഷണത്തിൽ പിടിയിലാവുകയായിരുന്നു.
തിരുവനന്തപുരത്തെ ഒരു സ്വർണക്കടയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. പ്രവീൺ ജൂവലറിയിലെ ഡ്രൈവറും ഗായത്രി റിസപ്ഷനിസ്റ്റുമായിരുന്നു. ലോക്ഡൗൺ കഴിഞ്ഞ് സ്ഥാപനം തുറന്നപ്പോൾ ജീവനക്കാരെ വാഹനത്തിൽ ജോലിക്ക് എത്തിക്കുകയും മടക്കിക്കൊണ്ടുപോവുകയും ചെയ്തിരുന്നത് പ്രവീണായിരുന്നു.
പ്രവീണിന്റെയും ഗായത്രിയുടെയും പരിചയം പ്രണയമായി വളർന്നു. ഇക്കാര്യം പ്രവീണിന്റെ ഭാര്യ അറിഞ്ഞതോടെ സ്വർണക്കടയുടെ അധികൃതരെ ഇത് അറിയിച്ചു. ഇവരുടെ ബന്ധം കുടുംബപ്രശ്‌നമായി മാറിയതോടെ പ്രവീണിനെ തമിഴ്‌നാട്ടിലെ ബ്രാഞ്ചിലേക്ക് മാറ്റി. അവിടേക്ക് ജോലിക്ക് പോകുന്നതിന് മുൻപ് പ്രവീൺ ഗായത്രിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയും ലോഡ്ജിൽ മുറിയെടുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.











