01:18am 11 July 2026
NEWS
മർദ്ദിച്ച ശേഷം കഴുത്തിൽ പിടിച്ച് വെള്ളത്തിൽ മുക്കി; മേനകയെ വിനോദ് കൊലപ്പെടുത്തിയത് അതിക്രൂരമായി
20/06/2026  09:58 AM IST
nila
മർദ്ദിച്ച ശേഷം കഴുത്തിൽ പിടിച്ച് വെള്ളത്തിൽ മുക്കി; മേനകയെ വിനോദ് കൊലപ്പെടുത്തിയത് അതിക്രൂരമായി

സീതത്തോട്: ഗവി മീനാറിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. യുവതി ക്രൂരമായ മർദനത്തിന് ഇരയായി എന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ. മർദ്ദനത്തിന് പിന്നാലെ മേനകയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കഴുത്തിൽ പിടിച്ച് വെള്ളത്തിൽ മുക്കിയാണ് മേനകയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അങ്കണവാടിയിലേക്ക് നടന്നു പോകുകയായിരുന്ന മേനകയെ പിന്തുടർന്നെത്തിയ പ്രതി വിനോദ് കുമാർ, ആദ്യം കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചുവെന്നാണ് പൊലീസിന് നൽകിയ മൊഴി.

കൊലപാതകക്കേസിൽ അറസ്റ്റിലായ വിനോദ് കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിലെ തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി വരും ദിവസങ്ങളിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ഇയാളെ കൊട്ടാരക്കര ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മേനകയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് ഗവിയിലെ വീട്ടിലെത്തിച്ചത്. മൃതദേഹം എത്തിച്ച ആംബുലൻസ് ഗവിക്ക് സമീപം നാട്ടുകാർ തടഞ്ഞതോടെ നേരിയ പ്രതിഷേധത്തിനും വഴിവെച്ചു. പിന്നീട് ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും ഇടപെട്ട് പ്രതിഷേധക്കാരെ സമാധാനിപ്പിച്ച ശേഷമാണ് വാഹനം മുന്നോട്ട് പോകാൻ കഴിഞ്ഞത്.

മൃതദേഹം വീട്ടിലെത്തിയതോടെ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. പ്രദേശത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ സുരക്ഷ ഉറപ്പാക്കാൻ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു.

മേനകയുടെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഗവി പൊതുശ്മശാനത്തിൽ നടക്കും. നിലവിൽ കൊലപാതക കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണമായി ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img