
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വൈവിധ്യം, സാമൂഹിക ഉൾക്കൊള്ളൽ, യോഗ്യത എന്നിവ അവഗണിക്കപ്പെടുന്നതായി ആരോപിച്ച് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. സമീപകാല കൊളീജിയം ശുപാർശകൾ ഒരു പ്രത്യേക സമുദായത്തിന് മുൻഗണന നൽകുന്നതായും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ ഇത് ബാധിക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടിയതായി ലൈവ്ലോ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിൽ താഴെ മാത്രം വരുന്ന ഒരു സമുദായം സമീപകാലത്ത് സുപ്രീംകോടതിയിൽ നാൽപ്പതു ശതമാനത്തിലേറെ പ്രാതിനിധ്യം നേടിയെന്നാണ് ഗവായിയുടെ ആരോപണം. സ്ഥിതിഗതികൾ പരിഹരിക്കാൻ എക്സിക്യൂട്ടീവ്, പാർലമെന്റ്, ജുഡീഷ്യറി എന്നിവയുൾപ്പെടെ ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുടെയും ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊളീജിയം അംഗമായിരുന്ന കാലത്ത് ഹൈക്കോടതികളിലേക്കും സുപ്രീംകോടതിയിലേക്കുമുള്ള നിയമനങ്ങളിൽ വൈവിധ്യത്തിനും ഉൾക്കൊള്ളലിനും പ്രാധാന്യം നൽകിയിരുന്നുവെന്ന് ഗവായി വ്യക്തമാക്കി. പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്കവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മുന്നാക്കവിഭാഗങ്ങൾ എന്നിവർക്കെല്ലാം അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സമീപകാല ശുപാർശകൾ ഒരു പ്രത്യേക സമുദായത്തെ പ്രീതിപ്പെടുത്തുന്നതിനും അനുകൂലിക്കുന്നതിനും കേന്ദ്രീകരിക്കുന്നുവെന്ന ധാരണ ശക്തിപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടെന്നാണ് കത്തിലെ വിമർശനം. ഇതുമൂലം പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും സ്ത്രീകളും മാത്രമല്ല, ആ പ്രത്യേക സമുദായത്തിൽപ്പെടാത്ത മുന്നാക്കവിഭാഗക്കാരും അവഗണിക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
താൻ ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും എല്ലാ വിഭാഗങ്ങൾക്കുമിടയിൽ സന്തുലിതമായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഗവായി വ്യക്തമാക്കി. മുന്നാക്കവിഭാഗങ്ങളിൽനിന്നുള്ള യോഗ്യരായ ഉദ്യോഗാർഥികളെയും പരിഗണിക്കണമെന്ന നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ 2025 മാർച്ചിൽ രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. അതനുസരിച്ച്, 2018 മുതൽ നിയമിക്കപ്പെട്ട 715 ഹൈക്കോടതി ജഡ്ജിമാരിൽ 22 പേർ പട്ടികജാതി വിഭാഗത്തിൽനിന്നും 16 പേർ പട്ടികവർഗ വിഭാഗത്തിൽനിന്നും 89 പേർ മറ്റു പിന്നാക്കവിഭാഗങ്ങളിൽനിന്നും 37 പേർ ന്യൂനപക്ഷങ്ങളിൽനിന്നുമായിരുന്നു. നിയമിതരായവരിൽ ഏകദേശം നാലിൽ മൂന്നുപേരും ജനറൽ വിഭാഗത്തിൽപ്പെട്ടവരാണെന്ന് ഗവായി ചൂണ്ടിക്കാട്ടി.
2021 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള നിയമനങ്ങളിൽ മുന്നാക്കവിഭാഗങ്ങളുടെ വിഹിതം എൺപതു ശതമാനത്തോട് അടുത്തുനിന്നതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ജനസംഖ്യയിൽ മറ്റു പിന്നാക്കവിഭാഗങ്ങളുടെ പങ്ക് നാൽപ്പതു മുതൽ അമ്പതു ശതമാനം വരെയാകാമെങ്കിലും നിയമനങ്ങളിൽ ലഭിച്ച പ്രാതിനിധ്യം പതിനാലു ശതമാനത്തിൽ താഴെയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സുപ്രീംകോടതിയുടെ ആദ്യ നാലു പതിറ്റാണ്ടുകളെക്കുറിച്ച് പ്രൊഫസർ ജോർജ് ഗാഡ്ബോയിസ് നടത്തിയ പഠനവും ഗവായി ഉദ്ധരിച്ചു. ജനസംഖ്യയുടെ പത്തൊൻപതിലൊന്ന് വരുന്ന ഒരു സമുദായത്തിൽനിന്നുള്ളവരായിരുന്നു 1950 മുതൽ 1989 വരെയുള്ള സുപ്രീംകോടതി ജഡ്ജിമാരിൽ മൂന്നിലൊന്നിലേറെയെന്നാണ് പഠനത്തെ ആധാരമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
നിലനിൽക്കുന്ന സാമൂഹിക ബന്ധങ്ങളും പരിചയവലയങ്ങളും സുപ്രീംകോടതി ജഡ്ജിയാകേണ്ട വ്യക്തിയെക്കുറിച്ചുള്ള മുൻധാരണകളും കോടതിയുടെ സാമൂഹിക ഘടനയിൽ കാര്യമായ മാറ്റമുണ്ടാകാതിരിക്കുന്നതിന് കാരണമാകുന്നുവെന്നും ഗവായി അഭിപ്രായപ്പെട്ടു.










