
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'മിന്നലേ', 'കാക്ക കാക്ക', 'വേട്ടൈയാട് വിളയാട്', 'വാരണം ആയിരം' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് ഹാരിസ് ജയരാജ് ആയിരുന്നു. ഇവരുടെ കൂട്ടുകെട്ടിൽ പുറത്തുവന്ന എല്ലാ ചിത്രങ്ങളും, അതിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിന്നീട് ഗൗതം വാസുദേവ് മേനോൻ, ഹാരിസ് ജയരാജ് സഖ്യത്തിൽ വിള്ളലുണ്ടായി. അതിന് ശേഷം ഗൗതം വാസുദേവ് മേനോൻ വ്യത്യസ്ത സംഗീതസംവിധായകർക്കൊപ്പം ചേർന്നാണ് ചിത്രങ്ങൾ സംവിധാനം ചെയ്ത് ഒരുക്കിയത്. എന്നാൽ ഈ ചിത്രങ്ങളിലെ സംഗീതവും, ഗാനങ്ങളുമെല്ലാം അത്രത്തോളം ശ്രദ്ധ നേടിയില്ല. എന്നാൽ ഇപ്പോൾ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതം മേനോൻ, ഹാരിസ് ജയരാജ് കൂട്ടുകെട്ടിൽ ഒരു പുതിയ ചിത്രം ഒരുങ്ങാൻ പോകുകയാണ്. ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ ഇതുവരെ അഭിനയിക്കാത്ത വിശാൽ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. കോളിവുഡിൽ പുറത്തുവന്നിരിക്കുന്ന ഈ വാർത്ത മൂന്ന് പേരുടെയും ആരാധകർ ഇപ്പോൾ വൈറലാക്കി കൊണ്ടിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോൻ, വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങി ഒരുപാട് കാലമായി റിലീസാവാതെ മുടങ്ങി കിടക്കുന്ന 'ധ്രുവ നക്ഷത്രം' എന്ന സിനിമയെ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങളും നടത്തി വരുന്നുണ്ട് ഗൗതം വാസുദേവ് മേനോൻ.
Photo Courtesy - Google