
ഗുവാഹത്തി: പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും മാത്രം ഹാജരാക്കിയാൽ ഇന്ത്യൻ പൗരത്വം തെളിയിക്കാനാകില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. സ്വയം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഔപചാരിക പരിശോധനയില്ലാതെ അനുവദിച്ച ഇത്തരം രേഖകളെ ആശ്രയിക്കുമ്പോൾ, അവയ്ക്ക് ആധാരമായ രേഖകളും തെളിയിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
1971 മാർച്ച് 25-നുശേഷം ഇന്ത്യയിലെത്തിയ വിദേശിയാണെന്ന ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ അഭിപ്രായം ചോദ്യംചെയ്ത് ഒരു സ്ത്രീ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കല്യാൺ റായ് സുരാന, സുസ്മിത ഫുകൻ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
1977 ഏപ്രിൽ 25-ന് അസമിലാണ് ജനിച്ചതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പേരുകളുണ്ടെന്ന് അവകാശപ്പെട്ട 1966-ലെയും 1970-ലെയും വോട്ടർപട്ടികകൾ, പിതാവിന്റെ പാൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും, സ്വന്തം വോട്ടർ ഐഡി, റേഷൻ കാർഡ്, ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള അപേക്ഷയുടെ കൈപ്പറ്റുരസീത് തുടങ്ങിയവ അവർ ഹാജരാക്കി.
തന്റെ പിതാവ് ഇന്ത്യൻ പൗരനാണെന്നും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെന്നും ഗുവാഹത്തി മുനിസിപ്പൽ കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ, പിതാവെന്നു ചൂണ്ടിക്കാട്ടിയ വ്യക്തിയുമായുള്ള ബന്ധം വിശ്വസനീയമായ തെളിവുകളിലൂടെ സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.
രേഖകൾ മതിയാകുമെന്ന് മുൻ അഭിഭാഷകൻ തെറ്റായ ഉപദേശം നൽകിയതിനാലാണ് കൂടുതൽ സാക്ഷികളെ ഹാജരാക്കാതിരുന്നതെന്നും മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും വിസ്തരിക്കാൻ കേസ് ട്രൈബ്യൂണലിലേക്ക് തിരിച്ചയക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. എന്നാൽ, അധിക തെളിവുകൾ ഹാജരാക്കാൻ നേരത്തേ പല അവസരങ്ങളും ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിച്ചു. കേസിലെ തെളിവുകളുടെ പോരായ്മകൾ പരിഹരിക്കാൻ പിന്നീട് ഉന്നയിച്ച വാദമായാണ് കോടതി ഈ വിശദീകരണത്തെ വിലയിരുത്തിയത്.
തന്റെ ഭാഗം കേൾക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തതെന്ന ആരോപണവും കോടതി തള്ളി. അന്തിമ അഭിപ്രായം പ്രഖ്യാപിക്കുന്നതിനായി കേസ് മാറ്റുന്നതിനുമുമ്പ് ഇരുവിഭാഗത്തിന്റെയും വാദം കേട്ടതായി നടപടിരേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹർജിക്കാരി ഹാജരാക്കിയ ഏരിയ സഭാ പ്രതിനിധിയുടെ സർട്ടിഫിക്കറ്റ്, അത് നൽകിയ വ്യക്തിയെ വിസ്തരിച്ച് തെളിയിച്ചിരുന്നില്ല. എൻആർസി അപേക്ഷയുടെ കൈപ്പറ്റുരസീതിന് പിന്തുണയായി അസൽ രേഖയും ഹാജരാക്കിയില്ല. റേഷൻ കാർഡും 2018-ലെ വോട്ടർപട്ടികയും മാതാപിതാക്കളുമായുള്ള ബന്ധം സ്ഥാപിക്കാൻ പര്യാപ്തമായില്ലെന്നും കോടതി വിലയിരുത്തി.
കുടുംബചരിത്രത്തിലും വോട്ടർപട്ടികകളിലെ പ്രായവിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നും കോടതി കണ്ടെത്തി. പിതാവെന്നു ചൂണ്ടിക്കാട്ടിയ വ്യക്തിയുടെ പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1997-ലെ വോട്ടർപട്ടികയിലാണ്; അന്ന് പ്രായം 50 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 1970 മുതൽ 1997 വരെയുള്ള കാലയളവിൽ പിതാവും മുത്തശ്ശനും മുത്തശ്ശിയും അസമിൽ തുടർച്ചയായി താമസിച്ചിരുന്നുവെന്ന് സ്ഥാപിക്കുന്ന തെളിവുകളും ഉണ്ടായിരുന്നില്ല.
പൗരത്വനിയമത്തിലെ വകുപ്പ് 6എ(2) പ്രകാരം ആവശ്യമായ തുടർച്ചയായ താമസവും കുടുംബബന്ധവും തെളിയിക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ കോടതി, ട്രൈബ്യൂണലിന്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ചു.










