
ദോഹ: ഖത്തറിലെ റമദാൻ രാവുകളെ ആവേശത്തിലാക്കുന്ന പരമ്പരാഗത ആഘോഷമാണ് 'ഗരാംഗാവോ'. കുട്ടികൾ പുത്തൻ വസ്ത്രങ്ങളണിഞ്ഞ്, പാട്ടുകൾ പാടി വീടുകൾ തോറും കയറിയിറങ്ങി മിഠായികളും നട്സുകളും ശേഖരിക്കുന്ന ഈ ഉത്സവക്കാലം സന്തോഷത്തിന്റേതാണ്. എന്നാൽ, ഈ സന്തോഷം ആരോഗ്യത്തിന് വെല്ലുവിളിയാകരുത് എന്ന ഓർമ്മപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പോഷകാഹാര വിദഗ്ധ മൗദി അൽ ഹജ്രി.പരമ്പരാഗതമായി നൽകുന്ന അമിത മധുരമുള്ള മിഠായികൾക്ക് പകരം 'ഹെൽത്തി ഗരാംഗാവോ' എന്ന ആശയം അവർ മുന്നോട്ട് വെക്കുന്നു.മധുരപലഹാരങ്ങൾക്ക് പകരം ഈന്തപ്പഴം, ഡ്രൈ ഫ്രൂട്ട്സ്, നട്സുകൾ എന്നിവ നൽകാം.മിഠായികൾക്ക് പകരം ചെറിയ കളിപ്പാട്ടങ്ങൾ, സ്റ്റിക്കറുകൾ, കളറിംഗ് ബുക്കുകൾ എന്നിവ നൽകുന്നത് കുട്ടികളിൽ പുതിയ താൽപ്പര്യം വളർത്തും. "ആരോഗ്യകരമായ ഗരാംഗാവോ; ദോഷമില്ലാതെ ആഘോഷിക്കാം" തുടങ്ങിയ നല്ല സന്ദേശങ്ങൾ സമ്മാനപ്പൊതികളിൽ ഉൾപ്പെടുത്താമെന്ന്
മൗദി അൽ ഹജ്രിപറഞ്ഞു.ആദ്യമായി നോമ്പ് എടുത്തുതുടങ്ങുന്ന കുട്ടികൾക്ക് ഗരാംഗാവോ ഒരു വലിയ പ്രോത്സാഹനമാണ്. ക്ഷമ, അച്ചടക്കം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ ഈ അവസരം ഉപയോഗിക്കണം. കുട്ടികളെ നോമ്പ് എടുക്കാൻ നിർബന്ധിക്കാതെ, അവരുടെ പ്രായത്തിനനുസരിച്ച് ക്രമേണ ശീലിപ്പിക്കുകയാണ് വേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.ഗരാംഗാവോ എന്നത് വെറും മധുരം കഴിക്കലല്ല; അത് കുടുംബബന്ധങ്ങൾ പുതുക്കുന്നതിന്റെയും പൈതൃകം കാത്തുസൂക്ഷിക്കുന്നതിന്റെയും ഒത്തുചേരലിന്റെയും ഉത്സവമാണ്. ആരോഗ്യകരമായ ശീലങ്ങൾ കൂടി ഇതിനൊപ്പം ചേരുമ്പോൾ ഈ ആഘോഷം കൂടുതൽ അർത്ഥവത്താകുന്നുവെന്ന് അവർ പറഞ്ഞു.











