02:47pm 22 September 2026
NEWS

വിവാഹത്തിന് തൊട്ടുമുമ്പ് ​ഗുണ്ടാനേതാവ് അറസ്റ്റിൽ; വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വധു പൊലീസ് സ്റ്റേഷനിലെത്തി

14/03/2026  12:02 PM IST
nila
 വിവാഹത്തിന് തൊട്ടുമുമ്പ് ​ഗുണ്ടാനേതാവ് അറസ്റ്റിൽ; വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വധു പൊലീസ് സ്റ്റേഷനിലെത്തി

ഭോപ്പാൽ: കതിർമണ്ഡപത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത ​ഗുണ്ടാ നേതാവിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി വധു പൊലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വിവാഹത്തിനായി തന്റെ വരനെ വിട്ടുനൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ‘ഇല്ലീഗൽ ഗ്യാങ്’ എന്നറിയപ്പെടുന്ന ഗുണ്ടാസംഘത്തിന്റെ തലവനായ ആകാശ് നീൽകാന്തിനെയാണ് വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ വധുവായ സീമ പൊലീസ് സ്റ്റേഷനിലെത്തി വിവാഹചടങ്ങുകൾ പൂർത്തിയാക്കാൻ വരനെ വിട്ടുനൽകണമെന്നാവശ്യപ്പെടുകയായിരുന്നു. യുവതി കരഞ്ഞുകൊണ്ട് അപേക്ഷിച്ചെങ്കിലും പൊലീസ് അനുമതി നൽകിയില്ല. വരനെ വിട്ടുകിട്ടാത്ത പക്ഷം പൊലീസ് കസ്റ്റഡിയിൽവെച്ച് ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്നുമായിരുന്നു യുവതിയുടെ അഭ്യർഥന. എന്നാൽ ഇതിലും പൊലീസ് തയ്യാറായില്ല. 

കഴിഞ്ഞ ആറുവർഷമായി സീമയും ആകാശും പ്രണയത്തിലാണെന്നും, ആഴ്ചകളായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 2018 മുതൽ സജീവമായ സംഘത്തിൽ അമ്പതോളം യുവാക്കളുണ്ടെന്നും അവരുടെ കഴുത്തിൽ സംഘടനയുടെ പേര് ടാറ്റൂ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

31ഓളം കേസുകൾ ആകാശിന്റെ പേരിലുണ്ടെന്നാണ് വിവരം. 2024 മാർച്ച് 18ന് ബിജെപി യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് സുരേന്ദ്ര കുഷ്വാഹയുടെ കൊലപാതകക്കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ 18 മാസം ജയിലിൽ കഴിഞ്ഞിരുന്നു. അടുത്തിടെ 26കാരനായ ഒരു പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ആകാശിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട യുവാവാണ് പൊലീസിൽ പരാതി നൽകിയത്.

ആകാശിനൊപ്പം രാജംജി താക്കൂർ, അഭിഷേക് ഉപാധ്യായ്, അഭിഷേക് മീണ, നീരജ് ഖാൻജേ, അമിത് ഓസ്വാൾ എന്നിവരെയും പിടികൂടി. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img