
ദോഹ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖരും പ്രവാസി സമൂഹവും പങ്കെടുത്തു. ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും സ്മരണാഞ്ജലിയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. ഡോ. കെ. ശ്രീകർ റെഡ്ഡി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗാന്ധിജിയുടെ മൂല്യങ്ങളെക്കുറിച്ചും അധ്യാപനങ്ങളെക്കുറിച്ചും അദ്ദേഹം സദസ്സിനോട് സംസാരിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വനി കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങളെയും കുറിച്ച് ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി അധ്യക്ഷ പ്രസംഗത്തിൽ സ്മരിച്ചു.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും, എച്ച്.ആർ, അഡ്മിൻ & കോൺസുലർ ഹെഡ് രാകേഷ് വാഗ് പ്രാരംഭ പ്രസംഗവും നടത്തി. പ്രശസ്ത ഗസൽ-ഹിന്ദുസ്ഥാനി ഗായകൻ പദ്മകുമാർ അവതരിപ്പിച്ച പ്രത്യേക ഗസൽ സന്ധ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മൻസൂർ മൊയ്തീൻ നയിച്ച ഇന്റർ-സ്കൂൾ ക്വിസ് മത്സരത്തിൽ 14 സ്കൂളുകൾ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ ബിർള പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും, ഒലീവ് ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഭവൻസ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ചിത്രരചന, സ്കെച്ചിംഗ് മത്സരങ്ങളിൽ 350-ലധികം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. വിജയികൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദി രേഖപ്പെടുത്തി. നാസിയ അവതാരകയായിരുന്നു. ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ ഭാരവാഹികൾ, പ്രവാസി സമൂഹത്തിലെ പ്രമുഖ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.










