10:09pm 14 June 2024
NEWS
പിത്തസഞ്ചിയിലെ കല്ലുകള്‍ - പ്രതിരോധവും ചികിത്സയും
06/02/2024  08:36 PM IST
Dr. Koshy Mathew Panicker
പിത്തസഞ്ചിയിലെ കല്ലുകള്‍ - പ്രതിരോധവും ചികിത്സയും

എന്താണ് പിത്താശയ കല്ലുകള്‍?

പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ഇത് സാധാരണയായി ഇന്ത്യന്‍ ജനസംഖ്യയുടെ 10-20% ആളുകളെ ബാധിക്കുന്നു.


പിത്താശയ കല്ല് ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെ?

പിത്തസഞ്ചി പൂര്‍ണ്ണമായി ഒഴിഞ്ഞില്ലെങ്കില്‍, പിത്തസഞ്ചിയിലെ പിത്തരസത്തില്‍ എന്‍സൈമുകള്‍ക്ക് അലിയിക്കാനാകാത്ത തരത്തില്‍ അധിക കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍, കരള്‍വീക്കം (Liver cirrhosis) പോലെ പിത്തരസത്തില്‍ വളരെയധികം ബിലിറൂബിന്‍ ഉണ്ടെങ്കില്‍, ഇവ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.


പിത്താശയ കല്ല് രൂപപ്പെടാന്‍ കാരണമാകുന്ന അപകട ഘടകങ്ങള്‍ എന്തെല്ലാം?

40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്തസഞ്ചിയിലെ കല്ലുകള്‍ കൂടുതലായി കാണപ്പെടുന്നത്. അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം, നാരുകളുടെ അപര്യാപ്തത, പ്രമേഹം, രോഗ പാരമ്പര്യം എന്നിവ ചില അപകട ഘടകങ്ങളാണ്.


രോഗ ലക്ഷണങ്ങള്‍

പ്രത്യേക ലക്ഷണങ്ങളോടു കൂടി ആയിരിക്കില്ല പിത്തസഞ്ചിയിലെ കല്ലുകള്‍ പ്രകടമാകുന്നത് (നിശബ്ദമായ കല്ലുകള്‍ - Silent stones). അല്ലാത്തപക്ഷം, വയറിന്റെ വലതുഭാഗത്തുള്ള വേദനയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണം. ഇത് തീവ്രമാവുകയും പുറകുവശത്തേയ്ക്കും വലതു തോളിലേക്കും പ്രസരിക്കാനും സാദ്ധ്യതയുണ്ട്. വയറു പെരുക്കം, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ വഷളാകുക എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍. കല്ല് പിത്തനാളിയില്‍ എത്തുകയാണെങ്കില്‍, അത് മഞ്ഞപ്പിത്തത്തിനും കടുത്ത പനിക്കും കാരണമാകും.
ചികിത്സ തേടേണ്ടതെപ്പോള്‍?

എല്ലാവര്‍ക്കും ചികിത്സ ആവശ്യമായി വരില്ല, നിശബ്ദമായ കല്ലുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. രോഗലക്ഷണങ്ങളോടു കൂടി പ്രകടമാകുന്ന രോഗികള്‍ ചികിത്സ തേടേണ്ടതാണ്. പിത്താശയ കല്ലുകളും കുടുംബത്തില്‍ പിത്താശയ ക്യാന്‍സറിന്റെ ചരിത്രവും ഉള്ള വ്യക്തികള്‍ക്കും ചികിത്സ അനിവാര്യമാണ്.


രോഗനിര്‍ണ്ണയ രീതികള്‍

വയറിന്റെ ലളിതമായ അള്‍ട്രാസൗണ്ട് സ്‌കാനിംഗാണ് പ്രധാന രോഗനിര്‍ണ്ണയ രീതി. പിത്തനാളിയിലെ കല്ലുകളുടെ രോഗനിര്‍ണ്ണയം, CECT / MRCP ആണ് തെരഞ്ഞടുക്കുന്നത്.


ചികിത്സാ രീതികള്‍

പിത്താശയത്തിലെ കല്ലുകള്‍ സാധാരണയായി പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലൂടെയാണ് ചികിത്സിക്കുന്നത്. ഇത് താക്കോല്‍ദ്വാര (Laparoscopic) ശസ്ത്രക്രിയയാണ്. കല്ലുകള്‍ അലിയിച്ചുള്ള ചികിത്സാരീതി സാധാരണഗതിയില്‍ ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ട്.


പ്രിതിരോധ മാര്‍ഗ്ഗങ്ങള്‍

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് വഴി പിത്തസഞ്ചിയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുറഞ്ഞ കലോറിയുള്ള ഭക്ഷണ ശീലവും കല്ലുകള്‍ അകറ്റാന്‍ സഹായിക്കുന്നു. കൃത്യ സമയങ്ങളില്‍ ഭക്ഷണം കഴിക്കുക. ശരീരഭാരം കുറയ്ക്കാന്‍ പരിശീലനം എടുക്കുന്നവര്‍  ആഴ്ചയില്‍ 500 ഗ്രാം മുതല്‍ 1 കിലോഗ്രാം വരെ കുറയ്ക്കാന്‍ ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിക്കുന്നതിലൂടെ പിത്താശയത്തിലെ കല്ലുകള്‍ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സാധിക്കുന്നു.

 

Dr. Koshy Mathew Panicker
Consultant General and Laparoscopic Surgery
SUT Hospital, Pattom

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH