
ഡൽഹിയിൽ നടന്ന എ.ഐ എക്‌സ്‌പോയിൽ ചൈനീസ് റോബോട്ടിനെ സർവകലാശാലയുടെ കണ്ടുപിടിത്തമായി അവതരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാലയെ പരിപാടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ സർവകലാശല ഉൾപ്പെട്ട പഴയൊരു വിവാദവും സൈബർ ലോകത്ത് ചർച്ചയാകുകയാണ്. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ വിവാദമായ പാത്രം കൊട്ടൽ ആഹ്വാനത്തെ ശാസ്ത്രീയമായി ന്യായീകരിക്കാൻ ഗൽഗോട്ടിയാസ് സർവകലാശാല ശ്രമിച്ചു എന്നാണ് ആരോപണം. 2020-ൽ ഇതു സംബന്ധിച്ച ഒരു പ്രബന്ധവും സർവകലാശാല പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രബന്ധമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.
ഫാർമസി വിഭാഗത്തിലെ ഗവേഷകനായിരുന്ന ധർമേന്ദ്ര കുമാർ തയ്യാറാക്കിയ പ്രബന്ധത്തിൽ, പാത്രവും മണിയും മുട്ടിയാൽ ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സഹായിക്കാമെന്ന ‘സാദ്ധ്യത’ മുന്നോട്ടുവയ്ക്കുന്നു. വാക്‌സിൻ വികസനത്തിനു മുൻപുള്ള ഘട്ടത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
2020 മാർച്ച് 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പാത്രം കൊട്ടാൻ നൽകിയ ആഹ്വാനം ശബ്ദതരംഗങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതായും പ്രബന്ധത്തിന്റെ സംഗ്രഹത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ അടിസ്ഥാനങ്ങളില്ലെന്ന വിമർശനം ശക്തമായതോടെ, പ്രസാധകർ പ്രബന്ധം വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. നിലവിൽ ഇത് ഓൺലൈനിൽ ലഭ്യമല്ല.











