03:32pm 07 November 2026
NEWS
നെതന്യാഹുവിന് തിരിച്ചടി; ഇസ്രയേലിൽ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് 67 പേരുടെ പിന്തുണ
07/11/2026  07:26 AM IST
nila
നെതന്യാഹുവിന് തിരിച്ചടി; ഇസ്രയേലിൽ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിന് 67 പേരുടെ പിന്തുണ

ടെൽ അവീവ്: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കവുമായി യഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. 120 അംഗ നെസെറ്റിൽ 67 പേരുടെ പിന്തുണ ഉറപ്പാക്കിയതോടെ സർക്കാർ രൂപീകരണത്തിനുള്ള സാധ്യത ശക്തമായി. പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള ചർച്ചകളുടെ രണ്ടാം ദിവസമായ വ്യാഴാഴ്ചയാണ് ഐസൻകോട്ട് പിന്തുണ ഉറപ്പാക്കിയത്.

സർക്കാർ രൂപീകരിക്കാൻ 61 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവിലെ പ്രധാനമന്ത്രി നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റി 'ദേശീയ അടിയന്തര സർക്കാർ' രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് ഐസൻകോട്ട് വ്യക്തമാക്കി. രാജ്യത്തെ വീണ്ടും സുരക്ഷിതത്വത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുകയാണ് പുതിയ സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ ഞായറാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു.

യഷർ, ടുഗെദർ, ദ ഡെമോക്രാറ്റ്‌സ്, യിസ്രയേൽ ബെയ്റ്റെയ്നു എന്നീ പാർട്ടികൾ ഉൾപ്പെട്ട പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണുള്ളത്. അറബ് പാർട്ടികളായ റാഅമിന്റെ എട്ട് അംഗങ്ങളും ജോയിന്റ് ലിസ്റ്റിന്റെ 11 അംഗങ്ങളും പിന്തുണ അറിയിച്ചതോടെയാണ് ഐസൻകോട്ടിന്റെ നീക്കത്തിന് ഭൂരിപക്ഷം ലഭിച്ചത്.

അതേസമയം, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചിരുന്നെങ്കിലും പരമ്പരാഗത സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ അംഗബലം 46 ആയി കുറഞ്ഞു. ഇതോടെ നെതന്യാഹുവിന് വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റു.

നെതന്യാഹുവിനെയും തീവ്രവലതുപക്ഷ സഖ്യകക്ഷികളെയും അധികാരത്തിൽനിന്ന് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഐസൻകോട്ടിന് പിന്തുണ നൽകുന്നതെന്ന് ജോയിന്റ് ലിസ്റ്റ് ചെയർമാൻ യൂസഫ് ജബരീൻ വ്യക്തമാക്കി. എന്നാൽ, അറബ് പാർട്ടികൾ പുതിയ സർക്കാരിൽ നേരിട്ട് പങ്കാളികളാകില്ലെന്നും പുറത്തുനിന്ന് പിന്തുണ നൽകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനിടെ, അറബ് പാർട്ടികളുടെ പിന്തുണയെ ആശ്രയിക്കുന്ന സർക്കാരിന്റെ ഭാഗമാകില്ലെന്ന് യിസ്രയേൽ ബെയ്റ്റെയ്നു ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാട് പിന്നീട് പിന്തുണ പിൻവലിക്കുന്നതിലേക്ക് മാറിയാൽ പുതിയ സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും. അതിനാൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കിയെന്ന കണക്കിനപ്പുറം രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഇസ്രയേൽ പ്രസിഡന്റിനാണ്. പരമ്പരാഗതമായി നെസെറ്റിൽ ഏറ്റവും കൂടുതൽ അംഗങ്ങളുടെ പിന്തുണയുള്ള നേതാവിനെയാണ് പ്രസിഡന്റ് ഇതിനായി തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തീരുമാനം അത്ര എളുപ്പമല്ലെന്നാണ് ഹെർസോഗിന്റെ പ്രതികരണം.

ചർച്ചകളുടെ ഫലം പുറത്തുനിന്ന് നോക്കുമ്പോൾ വ്യക്തമായി തോന്നാമെങ്കിലും ആർക്കാണ് സർക്കാർ രൂപീകരിക്കാൻ കഴിയുകയെന്ന് തീരുമാനിക്കേണ്ടത് നിയമപരമായി തന്റെ ഉത്തരവാദിത്വമാണെന്ന് ഹെർസോഗ് പറഞ്ഞു. രാഷ്ട്രീയ സഖ്യങ്ങൾക്കിടയിലും ഓരോ സഖ്യത്തിനുള്ളിലും നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ അന്തിമ തീരുമാനം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img