03:59pm 10 November 2026
NEWS
ഇസ്രയേലിൽ സർക്കാർ രൂപീകരണ നീക്കം ശക്തം; പ്രതിപക്ഷ നേതാക്കളുമായി പദവികൾ പങ്കിടാൻ ധാരണയിലെത്തി ഐസൻകോട്ട്
10/11/2026  03:41 PM IST
nila
ഇസ്രയേലിൽ സർക്കാർ രൂപീകരണ നീക്കം ശക്തം; പ്രതിപക്ഷ നേതാക്കളുമായി പദവികൾ പങ്കിടാൻ ധാരണയിലെത്തി ഐസൻകോട്ട്

ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ചുമതല ലഭിച്ചതിനു പിന്നാലെ നിർണായക നീക്കങ്ങളുമായി മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട്. നെസെറ്റിലെ പ്രധാന പദവികൾ പങ്കിടുന്നതു സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളായ നഫ്താലി ബെനറ്റ്, യെയർ ഗോലാൻ, അവിഗ്ഡോർ ലീബർമാൻ, യെയർ ലാപിഡ് എന്നിവരുമായി ധാരണയിലെത്തിയതായി ഐസൻകോട്ട് അറിയിച്ചു.

മുൻ മന്ത്രി മതാൻ കഹാനയെ നെസെറ്റ് സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. റോയി ഫോൾക്മാനെ ഹൗസ് കമ്മിറ്റി അധ്യക്ഷനായും മുൻ പ്രതിരോധ മന്ത്രി അവിഗ്ഡോർ ലീബർമാനെ വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷനായും നിർദേശിച്ചു. ലിറാൻ അവിസാർ ബെൻ-ഹോറിനാണ് ധനകാര്യ സമിതിയുടെ ചുമതല നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ 27ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നണിക്കും ഐസൻകോട്ടിന്റെ സഖ്യത്തിനും കേവലഭൂരിപക്ഷം നേടാനായിരുന്നില്ല. ഇസ്രയേൽ ബേസിക് ലോയിലെ സെക്ഷൻ 8 പ്രകാരം സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ പ്രസിഡന്റിന് ഈ കാലാവധി 14 ദിവസം കൂടി നീട്ടിനൽകാം.

സർക്കാർ രൂപീകരണത്തിനായി 67 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ഐസൻകോട്ട് പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നത്. എതിർ രാഷ്ട്രീയ ചേരികളിലുള്ള രണ്ട് അറബ് പാർട്ടികളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നെതന്യാഹുവിന് ലഭിച്ചത്.

എന്നാൽ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചുമതല ലഭിച്ചതുകൊണ്ടുമാത്രം ഐസൻകോട്ടിന് പ്രധാനമന്ത്രി പദവി ഉറപ്പായിട്ടില്ല. 120 അംഗങ്ങളുള്ള നെസെറ്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള നാല് പാർട്ടികളുടെ സഖ്യത്തിന് നിലവിൽ 48 സീറ്റുകളാണുള്ളത്. അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ 'യാഷർ' 21 സീറ്റുകളുമായി നെസെറ്റിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ്.

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 27 സീറ്റുകളാണുള്ളത്. ലിക്കുഡിന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ആകെ അംഗബലം 53 ആണ്. ഈ സാഹചര്യത്തിൽ ഇരു പ്രധാന രാഷ്ട്രീയ സഖ്യങ്ങൾക്കും പുറത്തുള്ള പാർട്ടികളുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി കൂടുതൽ പാർട്ടികളുമായി ഐസൻകോട്ടിന് ധാരണയിലെത്തേണ്ടിവരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img