
ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് നിർണായക വഴിത്തിരിവ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ മറികടന്ന് പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ സർക്കാർ രൂപീകരണത്തിന് ആദ്യം ക്ഷണിക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഐസൻകോട്ടുമായി ഇന്ന് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്നും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
120 അംഗ നെസെറ്റിൽ 61 പേരുടെ പിന്തുണ ഉറപ്പാക്കുകയാണ് ഐസൻകോട്ടിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അദ്ദേഹത്തിന്റെ യാഷർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് അറബ് പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ രൂപീകരണത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്.
അതേസമയം, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നെതന്യാഹു രംഗത്തെത്തി. തിടുക്കത്തിലുള്ള നീക്കങ്ങൾ ഒഴിവാക്കി രാജ്യത്ത് ഐക്യസർക്കാർ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഹമാസിനെ ഭീകരസംഘടനയായി അംഗീകരിക്കുന്ന പാർട്ടികളെ മാത്രമേ സർക്കാരിൽ ഉൾപ്പെടുത്തൂവെന്ന് ഐസൻകോട്ടിന്റെ യാഷർ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളുമാണ് ലഭിച്ചത്. അറബ് പാർട്ടികൾക്ക് 19 സീറ്റുകളുണ്ട്. ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളുടെ പിന്തുണയാണ് സർക്കാർ രൂപീകരണത്തിൽ നിർണായകമാകുന്നത്. മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ടിന് സർക്കാർ രൂപീകരണത്തിന് അവസരം നൽകാനുള്ള പ്രസിഡന്റിന്റെ തീരുമാനം നെതന്യാഹുവിന് രാഷ്ട്രീയ വെല്ലുവിളിയായിരിക്കുകയാണ്.










